• October 22, 2021

തെലങ്കാനയില്‍ മെയ് ഏഴ് വരെ ലോക് ഡൗണ്‍ നീട്ടി

 തെലങ്കാനയില്‍ മെയ് ഏഴ് വരെ ലോക് ഡൗണ്‍  നീട്ടി

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ മെയ് ഏഴ് വരെ ലോക് ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു. ലോക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വിഗ്ഗി, സൊമാറ്റോ പോലുള്ളവര്‍ വിതരണത്തിന് ശ്രമിച്ചാല്‍ നടപടി ഉണ്ടാകും.

അരി മില്ലുകളെയും മരുന്നു കമ്പനികളെയും ലോക് ഡൗണ്‍ കാലത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.കുടുംബ സമേതം തെലങ്കാനയില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളാണെങ്കില്‍ 1500 രൂപ ധന സഹായവും നല്‍കാനാണ് തീരുമാനം.

ജീവന്‍ അപകടത്തിലാക്കി സേവന രംഗത്തുള്ള പൊലീസുകാര്‍ക്ക് 10 ശതമാനം ശമ്പള വര്‍ധനക്കും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ കേന്ദ്രം അനുവദിക്കുന്ന സംസ്ഥാനത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വാടകക്ക് കെട്ടിട ഉടമസ്ഥര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും അതിന് പലിശ ഈടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം,വാടകക്കായി കെട്ടിട ഉടമസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നും,സ്വകാര്യ സ്‌കൂളുകളെ പുതിയ അധ്യയന വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മെയ് അഞ്ചിന് സര്‍ക്കാര്‍ പരിശോധിച്ച ശേഷം തുടര്‍ തീരുമാനം കൈകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ലോക് ഡൗണ്‍ നീട്ടാനുള്ള തീരുമാനം. 858 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച തെലങ്കാനയില്‍ ഇതിനോടകം 21 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related post