• October 26, 2021

കോടികളുടെ നഷ്ടത്തില്‍ ടെലികോം കമ്പനികള്‍

 കോടികളുടെ നഷ്ടത്തില്‍ ടെലികോം കമ്പനികള്‍

ഇന്റര്‍നെറ്റ് നിരോധനം മൂലം രാജ്യത്ത് ദിനംപ്രതി 1.5 കോടി രൂപയുടെ നഷ്ടമെന്ന് ടെലികോം കമ്പനികള്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ രാജ്യത്തെ പലയിടത്തും സേവനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ടെലിക്കോം ഓപ്പറേറ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് റിച്ചാര്‍ജ് ചെയ്യാത്തതിനാല്‍ കമ്പനികള്‍ക്ക് ഉണ്ടാകുന്നത് കോടികളുടെ നഷ്ടം. ഇന്റനെറ്റ് നിരോധനം നിലവില്‍ വന്ന സംസ്ഥാനങ്ങളില്‍ ഒരു ദിവസം 1.5 കോടി രൂപയുടെ നഷ്ടമാണ് കമ്പനികള്‍ക്ക് ഉണ്ടാകുന്നത്.

നിരോധനം ഉള്ള സംസ്ഥാനത്തെ ജനസംഖ്യ കൂടുതലാണെങ്കിലോ നിരോധനം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയാണെങ്കിലോ നഷ്ടം ഇതിലും കൂടുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു. ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളെയും പ്രതിനിധികരിക്കുന്ന സംഘടനയാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (COAI).

ഡിസംബര്‍ 15 മുതല്‍ ഗുജറാത്ത്, യുപി, ദില്ലി, അസം, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് നിരോധനം വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.ഈ സാഹചര്യത്തില്‍ ടെലിക്കോം കമ്പനികളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ റീചാര്‍ജുകളും ടോപ്പ് അപ്പുകളും കാര്യമായ നടക്കുന്നില്ലെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നതായും സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ 2012 മുതല്‍ ഇതുവരെ 363 ഇന്റര്‍നെറ്റ് നിരോധനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. അതില്‍ ഏറ്റവും കൂടുതല്‍ നിരോധനം ഉണ്ടായത് 2018ലാണ് 134 എണ്ണം. ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ 91 ഇടങ്ങളിലാണ് ഇന്റര്‍നെറ്റ് നിരോധനമുണ്ടായത്. ഇതില്‍ കൂടുതലും കാശ്മീരിലാണ്.

Related post