• October 28, 2021

2002ന്റെ ആവര്‍ത്തനം 2020 ല്‍ നടപ്പാക്കാന്‍ നോക്കേണ്ട…?

 2002ന്റെ ആവര്‍ത്തനം 2020 ല്‍ നടപ്പാക്കാന്‍ നോക്കേണ്ട…?

ഭിന്നിപ്പിന്റെ രാഷ്ട്രീയം, ഭരണഘടനാ ചട്ട ലംഘനം , മതസൗഹാര്‍ദ്ദം എന്നിവയെ തച്ചുടയ്ക്കുന്ന രാജ്യവിരുദ്ധ നിയമ ഭേദഗതിക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ അലയ്ടിക്കുന്നു. കലാലയാങ്കണങ്ങളില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം തെരുവുകളിലേക്ക് പടര്‍ന്നിരിക്കുന്നു. സംഘപരിവാര്‍ ശക്തികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ആ പ്രതിഷേധക്കാര്‍, പ്രതിരോധനിര തീര്‍ക്കുന്നവര്‍ രാജ്യദ്രോഹികളും പാകിസ്ഥാന്‍ ചാരന്മാരുമായിരിക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും സംഘപരിവാറിന്റെ വര്‍ഗീയ ഫാസിസത്തെയും ആള്‍ക്കൂട്ട കൊലകളെയും എതിര്‍ക്കുന്നവര്‍ ഒന്നാകെ രാജ്യദ്രോഹികളായി മാറുന്ന അവസ്ഥ. അര്‍ധരാത്രിയില്‍ ഇറക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്‌കരണങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പൊതുജനം. പുലര്‍ച്ചെ ഞെട്ടലോടെ വാര്‍ത്തകളെ സമീപിക്കേണ്ട അവസ്ഥ. ജനിച് വളര്‍ന്ന നാട്ടില്‍ ഒരു സുപ്രഭാതത്തില്‍ ആരുമല്ലാതായിത്തീരുന്ന അവസ്ഥ.

രാജ്യത്തിന്റെ നിയമം ആ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാവണം. ജനവിരുദ്ധവും ദേശവിരുദ്ധവുമായ നിയമത്തിനെതിരായ പ്രക്ഷോഭമാണ് രാജ്യവ്യാപകമായി ഉയരുന്നു വരുന്നത്. അവരെ രാജ്യദ്രോഹികളും പാകിസ്ഥാന്‍ ചാരന്മാരുമായി മുദ്രകുത്തുന്ന ബി.ജെ.പി സര്‍ക്കാര്‍ ഒരു രാജ്യത്തെ മുഴുവന്‍ പ്രതിരോധത്തിലാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗം മാത്രമാണ് പ്രക്ഷോഭത്തിലെന്ന് സ്ഥാപിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യം. പ്രതിഷേധിക്കുന്നവരെ ഒന്നാകെ രാജ്യദ്രോഹികകളായി മുദ്രകുത്തുന്ന ബി.ജെ.പി സര്‍ക്കാര്‍ ഒന്ന് മനസ്സിലാക്കുക ഈ പ്രതിഷേധക്കാരില്‍ നെറ്റിയില്‍ കുറിയിട്ടവരും അണിനിരക്കുന്നുണ്ടെന്ന്. അപ്പോള്‍ പിന്നെ എങ്ങനെയാണ് പ്രതിഷേധം ഒരു മതവിഭാഗത്തിന്റെ മാത്രമായി മാറുന്നത്. രാജ്യദ്രോഹപരവും ജനദ്രോഹ പരവുമായ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള ജനകീയ പ്രതിരോധമാണ് ഈ കാണുന്നതെല്ലാം. പൗരത്വ രജിസ്റ്ററിനെ കുറിച്ച് ബോധവല്‍ക്കരിക്കുവാന്‍ ഇറങ്ങിയ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ‘ഗോ ബാക്ക്’ വിളി കിട്ടിയത് പൊതുജനം വിഢിയല്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്.

ന്ത്യ രാമരാജ്യമല്ല, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. രാമരാജ്യമാക്കാന്‍ വെമ്പല്‍ കൊള്ളുന്ന നേതാക്കന്‍മാര്‍ക്ക് ഇനിയുള്ള പ്രക്ഷോപങ്ങളെ നേരിടാന്‍ കഴിയാതെ വരും. ‘ഈശ്വര അള്ളാ തേരേ നാം’ ‘സബ്‌കോ സന്മതി ദേ ഭഗവാന്‍’ എന്ന് പാടിനടന്ന രാമനും റഹിമും ഒന്നുതന്നെയെന്ന് വര്‍ഗീയ കലാപ ഭൂമികളില്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയ ഗാന്ധിജിയെ മാറുപിളര്‍ന്നു കൊലചെയ്ത ഗോഡ്‌സയെ ആരാധിക്കുന്ന സംഘപരിവാരങ്ങളെയാണ് ആദ്യം പുറത്താക്കേണ്ടത്. പിന്നെ കലാപങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ തന്നെയാണ് ഇന്നത്തെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എന്നത് കാലത്തിന്റെ വികൃതി.

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകള്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഈ കലാപത്തില്‍ ഏതാണ്ട് 2000 നടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. കലാപം നടക്കുന്ന വേളയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നല്‍കിയിരുന്നുവെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോഡ്‌സെയ്ക്കായി അമ്പലം പണിയുകയും ഗാന്ധിജിയുടെ ഓര്‍മ്മകളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു ഭരണകൂടം കണ്ട് പഠിക്കേണ്ട വലിയ പാഠമാണ് കേരളം. കേരളം, രാജ്യത്തിന് മാതൃകയായി മാറുന്ന സംസ്ഥാനമാണ്.

ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യങ്കാളിയുടെയും വാഗ്ഭടാനന്ദന്റെയും വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെയും നവോത്ഥാന ചിന്തകളിലൂടെ ഉയര്‍ന്നു വന്ന ചിന്താധാരയില്‍ നിലകൊള്ളുന്ന കേരളത്തില്‍ നിന്നാണ് സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആദ്യം പ്രതിഷേധം ഉണ്ടായത്. പൗരത്വ രജിസ്റ്റര്‍ നിയമം കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭരണഘടന നിലവില്‍ വന്നതിന്റെ 70-ാം വാര്‍ഷിക ദിനമായ ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖല ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പായിരിക്കും .

Related post