• July 28, 2021

വല വീശി പിടിക്കാം , വെള്ളം

 വല വീശി പിടിക്കാം , വെള്ളം

ഭൂമിയില്‍ ശുദ്ധജലം തീരെ കിട്ടാത്ത ഒരു പാട് പ്രദേശങ്ങളുണ്ട്. മലമ്പ്രദേശങ്ങള്‍, മരുഭൂമികള്‍ , വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്ന സമുദ്രാതിര്‍ത്തികള്‍ തുടങ്ങിയവ അവയില്‍ ചിലതാണ് . ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ കുടിവെള്ളത്തിനും ,കൃഷിക്കുമായി മൂടല്‍ മഞ്ഞിനെയാണ് ആശ്രയിക്കുന്നത്. ഭൂ നിരപ്പില്‍ നിന്ന് 6,000 അടി ഉയരത്തില്‍ വരെയാണ് മൂടല്‍ മഞ്ഞ് കാണപ്പെടുക. സൂഷ്മ ജല കണങ്ങളാല്‍ സമൃദ്ധമാണ് മൂടല്‍ മഞ്ഞ്. ഓരോ ജലകണവും ഒരിഞ്ചിന്റെ ആയിരത്തില്‍ ഒരംശം (0.001) വലുപ്പം വരുന്നവയാണ് .ഈ ജലകണങ്ങള്‍ക്കെല്ലാം ഒരേ ആകൃതിയുമായിരിക്കും. ഒരു ക്യുബിക്ക് മൈല്‍ മൂടല്‍ മഞ്ഞില്‍ ഏതാണ്ട് 56,000 ഗാലണ്‍ വരെ വെള്ളം അടങ്ങിയിരിക്കും.

പോളിപ്രൊപ്പലീന്‍ പ്ലാസ്റ്റിക്ക് നാരുകള്‍ കൊണ്ടാണു വല നിര്‍മിക്കുന്നത്. നാരുകളുടെ വലുപ്പം 0.1 മില്ലിമീറ്റര്‍ ആണ്. വലക്കണ്ണികള്‍ തൃകോണാകൃതിയിലാണ് നെയ്‌തെടുക്കുന്നത്. ഈ വല രണ്ടു മടക്കാക്കി ഇരുമ്പോ ,മരമോ , പ്ലാസ്റ്റിക്കോ കൊണ്ടുള്ള ചട്ടക്കൂടുകളില്‍ ഉറപ്പിക്കുന്നു. ഈ ചട്ടക്കുടുകളോട് അനുബന്ധമായി ഒലിച്ചിറങ്ങുന്ന വെള്ളം നഷ്ടപ്പെടാത്ത വിധം ഒരു പാത്തിയും , പാത്തിയില്‍ നിന്നും ഒരു പൈപ്പ് കണക്ഷനും ഉണ്ടായിരിക്കും. ഈ പെപ്പ് തൊട്ടു താഴെയുള്ള ടാങ്കുമായോ ,കെട്ടിപ്പൊക്കിയ സിമന്റ് ടാങ്കുമായോ ബന്ധിപ്പിച്ചിരിക്കും. വലയില്‍ തട്ടി കടന്നു പോകുന്ന മൂടല്‍ മഞ്ഞിലെ ജലാംശം പെട്ടന്നു തന്നെ വേര്‍തിരിയാനും ,തങ്ങി നില്‍ക്കാതെ ഒഴുകിയിറങ്ങാനും സഹായിക്കുന്നത് വലക്കണ്ണികളുടെ തൃകോണാകൃതിയാണ്.

ഇന്ത്യയിലും…

ഇന്ത്യയടക്കമുള്ള 22 രാജ്യങ്ങള്‍ മൂടല്‍ മഞ്ഞില്‍ നിന്നും ശുദ്ധജലം ശേഖരിക്കുന്നുണ്ട്. ചിലി ,പെറു, ഗ്വാട്ടിമാല , ആഫ്രിക്ക , യെമന്‍ , എത്യോപ്യ ,ഇസ്രയേല്‍ , നേപ്പാള്‍ , ടാന്‍സാനിയ, മൊറോക്കോ, എന്നിവയാണ് ഇതിലെ പ്രമുഖ രാജ്യങ്ങള്‍. ചിലിയിലെ ചുങ്ന്‍ഗോ (chungung) ഗ്രാമത്തില്‍ ഇത്തരം നൂറോളം ജല സംഭരണികളിലായി പ്രതിമാസം ഉല്‍പാദിപ്പിക്കുന്ന ജലത്തിന്റെ അളവ് 15,000 ലിറ്റര്‍ ആണ്. പ്രധാനമായും കുടിവെള്ളമായാണ് ഇത് ഉപയോഗിക്കുന്നത് .ഒരു ദിവസം ഒരു സ്‌ക്വയര്‍ മീറ്റര്‍ മൂടല്‍ മഞ്ഞില്‍ നിന്നും പരമാവധി ലഭിക്കാവുന്ന വെള്ളത്തിന്റെ അളവ് 10-30 ലിറ്റര്‍ വരെയാണ്. ഈ ഏറ്റക്കുറച്ചിലുകള്‍ മൂടല്‍ മഞ്ഞിന്റെ സഞചാരവേഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Related post