• June 20, 2021

വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ഇന്ന് ആരംഭിക്കും

 വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ഇന്ന് ആരംഭിക്കും

വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ഇന്ന് ആരംഭിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് അധിക സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചിയിലേക്ക് മാത്രം 17 വിമാനങ്ങള്‍. ആഫ്രിക്കയില്‍ നിന്നും ജിബൂട്ടി സിനിമ സംഘം ഇന്ന് നെടുമ്പാശേരിയിലെത്തും.

ഇന്ന് മുതല്‍ ജൂണ്‍ 23 വരെയാണ് കേരളത്തിലേക്ക് വന്ദേഭാരതിന്റെ മൂന്നാം ഘട്ട വിമാന സര്‍വീസുകള്‍. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാത്രം 17 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഈജിപ്ത്, ഫിലിപ്പൈന്‍സ്, ജിബൂട്ടി, വിയറ്റ്‌നാം, യുക്രൈന്‍, മാള്‍ട്ട, ബ്രിട്ടന്‍, ദുബായ്, കുവൈറ്റ്, ദോഹ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങളെത്തും.

എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ് എല്ലാ ദിവസവും സര്‍വീസ് നടത്തുന്നത്. ഇന്നൊഴികെ ബാക്കിയുള്ള ദിവസങ്ങളില്‍ രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായെത്തുക. മുബൈ, ചെന്നൈ, ഡല്‍ഹി എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തില്‍ എത്തുന്നത്. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 113 ആഭ്യന്തര സര്‍വീസുകളും ഉണ്ടാകും.

ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘമാണ് ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തുന്നത്. ദിലീഷ് പോത്തനടക്കം 71 പേരാണ് സംഘത്തിലുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും കൊവിഡ് ലോക്ക് ഡൗണ്‍ മൂലം ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ കുടുങ്ങുകയായിരുന്നു. വൈകീട്ട് ആറിന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തുന്ന സംഘം ഇന്നുതന്നെ ക്വാറന്റൈനില്‍ പ്രവേശിക്കും.

Related post