• October 17, 2021

ഇന്ത്യയില്‍ സമൂഹ വ്യാപനമില്ല

 ഇന്ത്യയില്‍ സമൂഹ വ്യാപനമില്ല

രാജ്യത്ത് കൊവിഡ് സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്തുനിന്ന് വന്നവര്‍ക്കും അവരുമായി അടുത്തിടപഴകിയവര്‍ക്കും മാത്രമാണ് ഇപ്പോഴും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസിന്‌റെ ഉറവിടം വ്യക്തമാണ്. സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. അടച്ചിടല്‍ ഫലപ്രദമാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‌റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.

നേരത്തെ രാജ്യത്ത് സാമൂഹ വ്യാപനം നടന്നതായി സൂചനയില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചത്.പല സംസ്ഥാനങ്ങളിലും സാമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെന്ന സംശയം ഉയരുന്ന സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യതയില്ലെന്ന വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നത്. പ്രധാനമായും നാല് ഘട്ടങ്ങളാണ് കൊറോണ വൈറസ് ബാധയ്ക്കുള്ളതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിക്കൂ. രണ്ടാം ഘട്ടത്തില്‍ വൈറസ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലേക്ക് വ്യാപിക്കും. നിലവില്‍ രണ്ടാം ഘട്ടമാണ് ഇന്ത്യയില്‍ ഉള്ളത്. മൂന്നാം ഘട്ടമാണ് സമൂഹ വ്യാപനം എന്ന് പറയുന്നത്.

ഈ വൈറസ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ, രോഗ ബാധയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യാത്ത ആളുകളിലേക്ക് പകരും. ഈ ഘട്ടത്തില്‍ എങ്ങിനെയാണ് വൈറസ് ബാധയുണ്ടായതെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. നാലാം ഘട്ടത്തില്‍ അനിയന്ത്രിതമാം വിധം രോഗികളുടെ എണ്ണം വര്‍ധിക്കും.

Related post