• October 23, 2021

ദുബായ് എക്‌സ്പോ 2020 ഒക്ടോബറില്‍

 ദുബായ് എക്‌സ്പോ 2020 ഒക്ടോബറില്‍

കൊവിഡ് ബാധയെത്തുടര്‍ന്ന് നീട്ടിവെച്ച ദുബായ് എക്‌സ്പോ 2020-ന്റെ പുതുക്കിയ തീയതി പുറത്തുവിട്ട് യു.എ.ഇ. അടുത്തവര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെ എക്സ്പോ നടത്താമെന്ന് ബി.ഐ.ഇ.ക്ക് നല്‍കിയ കത്തില്‍ യു.എ.ഇ. വ്യക്തമാക്കി. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനാണ് ബി.ഐ.ഇ. സെക്രട്ടറി ജനറല്‍ ദിമിത്രി എസ് കര്‍ക്കന്റസിന് കത്തയച്ചത്. എപ്പോള്‍ നടന്നാലും എക്‌സ്പോയുടെ ഔദ്യോഗിക നാമം ദുബായ് എക്സ്പോ- 2020 എന്നാകുമെന്നും കത്തില്‍ പറയുന്നു.

ഈ മാസം 21-ന് ചേരുന്ന ബി.ഐ.ഇ. യോഗം എക്‌സ്പോ നടത്തിപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ബി.ഐ.ഇ. അംഗരാജ്യങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ തീരുമാനത്തിന് അംഗീകാരം ലഭിക്കൂ . എക്സ്പോ 2020-ന്റെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ബി.ഐ.ഇ. സെക്രട്ടറിജനറലും യോഗത്തില്‍ പങ്കെടുക്കും. എക്സ്പോ 2020 മാറ്റിവെക്കുന്നത് ആലോചിക്കാന്‍ ദുബായ് സ്റ്റിയറിങ് കമ്മിറ്റി കഴിഞ്ഞമാസം 30-ന് യോഗം ചേര്‍ന്നിരുന്നു. ഭൂരിഭാഗം അംഗങ്ങളും പുതിയസാഹചര്യത്തില്‍ എക്‌സ്പോ ഒരു വര്‍ഷത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ബി.ഐ.ഇ. യുടെ തീരുമാനം എന്തായാലും ദുബായ് അതിനനുസരിച്ച് നീങ്ങുമെന്ന് ആതിഥേയരും നിലപാട് അറിയിച്ചു. വേണമെങ്കില്‍ യഥാസമയം നടത്താനും ഒരുക്കമാണെന്ന് ദുബായ് സന്നദ്ധത അറിയിച്ചിരുന്നു.

Related post