• June 20, 2021

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്

 ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമാകുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ സൂര്യഗ്രഹണം വ്യക്തമായി അനുഭവപ്പെടുമെന്ന് കേരള സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം ജോയിന്റ് ഡയറക്ടര്‍ ശ്രീലത കെ പറഞ്ഞു.

രാവിലെ 10.15 മുതല്‍ 1.15 വരെയുള്ള മൂന്ന് മണിക്കൂര്‍ സമയമാകും കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാകുക. 11.40തോടുകൂടി പാരമ്യതയില്‍ എത്തും. കേരളത്തില്‍ 35 % സൂര്യനെ ചന്ദ്രബിംബം മറയ്ക്കുന്നതായാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം 3:15 ആകുമ്പോള്‍ ദൃശ്യം പൂര്‍ണമായും മാറും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പ്ലാനറ്റോറിയത്തില്‍ സൂര്യഗ്രഹണം കാണാന്‍ പ്രവേശനമുണ്ടാകില്ലെന്നും ശ്രീലത കെ പറഞ്ഞു. പകരം കേരള സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോജി മ്യൂസിയത്തിന്റെ ഫേസ് ബുക്ക് പേജ് വഴിയും ഔദ്യോഗിക യൂ ട്യൂബ് ചാനല്‍ വഴിയും ലൈവായി സൂര്യഗ്രഹണം വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ശ്രീലത വ്യക്തമാക്കി.

സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേര്‍രേഖയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുമ്പോഴുമാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നാണ് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്.

Related post