• June 19, 2021

വയനാട്ടില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

 വയനാട്ടില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

വയനാട്ടില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. 24ന് മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയ പനമരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെക്ക്പോസ്റ്റില്‍വച്ച് തന്നെ ഇവരുടെ സാമ്പിള്‍ ശേഖരിച്ചിരുന്നു.

24ന് മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം വാഹനത്തില്‍ മുത്തങ്ങ ചെക്ക്പോസ്റ്റ് വഴിയാണ് കുടുംബം നാട്ടിലെത്തിയത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് രോഗം സ്ഥിരീകരിച്ച 50കാരി. ഇവരുടെ ഭര്‍ത്താവിനും ബംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന 25കാരനായ മകനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മുത്തങ്ങയില്‍വച്ച് തന്നെ മൂന്ന് പേരുടെയും സ്രവം ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു കുടുംബം. ഇന്നാണ് മൂന്ന് പേരുടേയും ഫലം പുറത്ത് വന്നത്.

സ്വന്തം വാഹനത്തില്‍ എത്തിയതിനാല്‍ ആരുമായും സമ്പര്‍ക്കമില്ലെന്നാണ് പ്രാഥമിക വിവരം. മൂവരും ജില്ലാ കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലാണ്. ഇന്ന് ജില്ലയില്‍ ഒരാള്‍ക്ക് രോഗം ഭേദമായി. മെയ് രണ്ടിന് രോഗം സ്ഥിരീകരിച്ച കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവര്‍ക്കാണ് രോഗം ഭേദമായത്. ഇയാളില്‍ നിന്ന് സമ്പര്‍ക്കം വഴി നിരവധി പേര്‍ക്ക് രോഗം പടര്‍ന്നിരുന്നു. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി മാനന്തവാടി, എടവക, പനമരം മേഖലകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Related post