• October 22, 2021

കുറിപ്പടിയുമായി പോയ ‘കുടിയൻ’മാർക്ക് ആദ്യദിനം നിരാശ

 കുറിപ്പടിയുമായി പോയ ‘കുടിയൻ’മാർക്ക് ആദ്യദിനം നിരാശ

മദ്യം കിട്ടാതെ അമിത മദ്യപാന ആസക്തിയുള്ളവർ ആത്മഹത്യ ചെയ്യുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം ഇന്നലെ ഡോക്ടർമാരുടെ കുറിപ്പടിയുമായി എക്സൈസ് ഓഫീസുകളിലെത്തിയവർക്ക് നിരാശയായിരുന്നു ഫലം. ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്നതിനാൽ ഇന്നലെ ആർക്കും മദ്യം നൽകിയില്ല.പലരുടെയും കുറിപ്പടികൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കി. ചിലത് വാങ്ങിവച്ചു. വലിയ ആവേശത്തോടെ വന്നവർ മടങ്ങിയത് വെറുംകൈയോടെ.
നടപടികളിൽ വ്യക്തത വന്നാൽ ഇന്ന് മുതൽ മദ്യം നൽകാനാണ് തീരുമാനം. ഇന്നലെ നെയ്യാറ്റിൻകര,​ കോട്ടയം എന്നിവിടങ്ങളിൽ നാല് വീതവും എറണാകുളത്ത് എട്ടും പാലക്കാട് രണ്ടും അപേക്ഷളാണ് എക്‌സൈസിന് ലഭിച്ചത്. എന്നാൽ പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടെന്ന ഡോക്ടറുടെ സീലോടു കൂടിയ സർട്ടിഫിക്കിറ്റാണ് വേണ്ടതെന്ന് പറഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥർ ഇവരെ മടക്കിയയയ്ക്കുകയായിരുന്നു. പലരും ആശുപത്രികളിലെ ഓ പി ടിക്കറ്റുമായാണെത്തിയത്. വിരമിച്ച ഡോക്ടർമാരുടെ കുറിപ്പടിയുമായെത്തിയവരുമുണ്ട്. കുറിപ്പടിയിൽ മദ്യത്തിന്റെപേരോ,അളവോ കുറിക്കില്ല‌.
ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറക്കരുതെന്ന് ഉത്തരവിലുള്ളതിനാൽ പാസുമായെത്തുന്നവർക്ക് വെയർഹൗസ് ഗോഡൗണുകളിൽ നിന്നാവും മദ്യം നൽകുക.
സർട്ടിഫിക്കറ്റുമായി എക്‌സൈസ് റെയ്ഞ്ച്/ സർക്കിൾ ഓഫീസിലെത്തുന്നവർ (നേരിട്ടോ/ചുമതലപ്പെടുത്തുന്നവരോ)​ നിശ്ചിതഫോമിൽ വിവരങ്ങളും തിരിച്ചറിയൽ രേഖയും നൽകി പാസ് നേടണം. തുടർന്ന് ഇക്കാര്യം ബന്ധപ്പെട്ട വെയർഹൗസ് ഡിപ്പോയിൽ എക്സൈസ് അറിയിക്കും. പാസിനുള്ള അപേക്ഷയിൽ വ്യക്തി നൽകുന്ന മൊബൈൽ നമ്പറിൽ വിളിച്ചായിരിക്കും മദ്യം നൽകുന്ന സമയവും സ്ഥലവും അറിയിക്കുക. തുടർന്ന് പാസുമായെത്തി മദ്യം വില കൊടുത്തുവാങ്ങാം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മാത്രമെ മദ്യം ലഭിക്കൂ. ഇതാണ് നിലവിലെ നടപടി ക്രമം.എന്നിരുന്നാലും കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നാണ് എക്സൈസിലേയും ബെവ്കോയിലേയും ഉയർന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം. അതിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ഒരാൾക്ക് ഏഴ് ദിവസത്തേക്ക് മൂന്ന് ലിറ്റർ മദ്യമാണ് അനുവദിക്കുക. ഒരാഴ്ചയ്ക്ക് ശേഷം അതേവ്യക്തി വീണ്ടും സമീപിച്ചാൽ പഴയ പാസിൽ തന്നെ അനുവാദം രേഖപ്പെടുത്തും.

Related post