• October 24, 2021

ഇന്ത്യയിൽ നിന്നും മരുന്നുവേണം, അഭ്യർത്ഥനയുമായി ട്രംപ്

 ഇന്ത്യയിൽ നിന്നും മരുന്നുവേണം, അഭ്യർത്ഥനയുമായി ട്രംപ്

കോവിഡ് -19 ചികിത്സയ്ക്കുപയോഗിക്കാവുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ തങ്ങൾക്ക് ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചു. “മോദിയുമായി ഞാൻ ഇന്നലെ സംസാരിച്ചിരുന്നു. കൂടുതൽ ടാബ്‌ലെറ്റുകൾ ലഭ്യമാക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” കൊറോണാവൈറസ് ടാസ്‌ക്ഫോഴ്‌സുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു.
“ആവശ്യമെന്നു കണ്ടാൽ ഞാനും ഈ ടാബ്‌ലെറ്റ് കഴിക്കും… മരുന്നു കയറ്റുമതി മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യ ആ മരുന്ന് ധാരാളം നിർമ്മിക്കുന്നു. അവിടെയുള്ള കോടിക്കണക്കിന് ആൾക്കാർക്ക് അതാവശ്യമുണ്ട്. ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മലേറിയയ്ക്കുള്ള മരുന്ന് സ്ട്രാറ്റജിക് നാഷണൽ സ്റ്റോക്ക്പൈൽ വഴിയായിരിക്കും ചികിത്സയ്ക്കായി നൽകുക. നാം ഓർഡർ ചെയ്ത അളവിൽ ഗുളികകൾ തരാനായാൽ അത് സ്തുത്യർഹമായിരിക്കുമെന്ന് ഞാൻ മോദിയെ അറിയിച്ചിട്ടുണ്ട്,” ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായി വിശദമായ ടെലിഫോൺ സംഭാഷണം നടത്തിയാതായി മോദി പറഞ്ഞു . “കോവിഡ് -19 നെതിരെ പോരാടുന്നതിന് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിക്കാൻ തീരുമാനമായി,” മോദി ട്വിറ്ററിൽ കുറിച്ചു.

Related post