• November 30, 2021

അമേരിക്കന്‍ സൈനിക താവളത്തില്‍ ഇറാന്റെ മിസൈലാകാക്രമണം , ഭീഷണിയുമായി ട്രംപ് രംഗത്ത്

 അമേരിക്കന്‍ സൈനിക താവളത്തില്‍ ഇറാന്റെ മിസൈലാകാക്രമണം , ഭീഷണിയുമായി ട്രംപ് രംഗത്ത്

അമേരിക്കെക്കതിരെ പ്രതികാര നടപടിയുമായി ഇറാന്‍ രംഗത്ത്. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണമുണ്ടായി. ഇറാന്‍ സൈനിക തലവന്‍ സുലൈമാനിയെ വധിച്ചതിന്റെ തിരിച്ചടിയായാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇറാന്‍ പന്ത്രണ്ടോളം ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തു വിട്ടതായി യുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥന്‍ ഹോഫ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികാസ്ഥാനമാണ് ഇറാന്‍ ലക്ഷ്യം വെച്ചത്. സ്ഥിതിഗതികളും, ഇറാന്‍ ആക്രമണം തീര്‍ത്ത നാശനഷ്ടങ്ങളുടെ വ്യാപ്തിയും നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ അറിയിച്ചു. ഇറാന്‍ ആക്രമണത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

സുലൈമാനിയുടെ മരണത്തിന് പിന്നാലെ അമേരിക്ക, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇസ്രായേല്‍, എന്നീ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ യുദ്ധഭീഷണി മുഴക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യുഎസ് വിമാനക്കമ്പനികളോട് ഗള്‍ഫ് സര്‍വ്വീസ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ സൈനിക വിഭാഗങ്ങളിലൊന്നായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.

”എല്ലാം നല്ലത് ! ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തിരിക്കുന്നു. ആളപായവും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണ്. ഇതുവരെ കുഴപ്പമൊന്നുമില്ല. ലോകത്ത് ഏറ്റവും ശക്തവും ആയുധ പിന്‍ബലവുമുള്ള സൈന്യമാണ് ഞങ്ങള്‍ക്കുള്ളത്. .” – ട്രംപ് ട്വീറ്റ് ചെയ്തു.

Related post