• October 18, 2021

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്ക് സെനറ്റില്‍ തിരിച്ചടി

 ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്ക് സെനറ്റില്‍ തിരിച്ചടി

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തിന് തുടക്കത്തിലേ അടിതെറ്റി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള ഡെമോക്രാറ്റ് പ്രമേയം സെനറ്റ് തള്ളി. 47ന് എതിരെ 53 വോട്ടിനാണ് ട്രംപിന്റെ മുന്‍തൂക്കം. റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇംപീച്ച്മെന്റ് പ്രമേയം തള്ളുമെന്ന് ഏറെക്കുറേ ഉറപ്പാണ്. ജനപ്രതിനിധി സഭ നേരത്തെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയിരുന്നു.

കുറ്റവിചാരണ ചട്ടങ്ങളില്‍മേലുള്ള വാദപ്രതിവാദമാണു സെനറ്റില്‍ ആദ്യം ദിനം നടക്കുന്നത്. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതല്‍ വിചാരണ. സാക്ഷികളെ വിളിക്കാനോ പുതിയ തെളിവുകള്‍ അവതരിപ്പിക്കാനോ അവസരമില്ലാതെയുള്ള വിചാരണ നടപടികളാണ് റിപ്പബ്ലിക്കന്‍ സംഘം തയാറാക്കിയിരിക്കുന്നത്. സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണം എന്ന ഡെമോക്രാറ്റ് ആവശ്യം അംഗീകരിക്കപ്പെടില്ലെന്നുറപ്പ്.

സ്പീക്കര്‍ നാന്‍സി പെലോസി നിശ്ചയിച്ച ഇംപീച്ച്‌മെന്റ് മാനേജര്‍മാരാണ് പ്രസിഡന്റിനെതിരായ കുറ്റങ്ങള്‍ അവതരിപ്പിക്കുക. ട്രംപിന്റെ അഭിഭാഷകസംഘം ഇതിനുള്ള മറുപടി നല്‍കും. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെ കേസില്‍ കുടുക്കാന്‍ യുക്രൈനില്‍ സ്വാധീനം ചെലുത്തിയെന്നാണ് പ്രധാന കുറ്റം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോടു സഹകരിച്ചില്ലെന്നതാണ് മറ്റൊരു കുറ്റം

Related post