• October 22, 2021

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് യു.എ.ഇ; കേന്ദ്രനിലപാടിനായി കാത്ത് പ്രവാസികള്‍

 പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് യു.എ.ഇ; കേന്ദ്രനിലപാടിനായി കാത്ത് പ്രവാസികള്‍

ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് യു.എ.ഇ. കോവിഡ് രോഗമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് യു.എ.ഇ അംബാസിഡര്‍ മുഹമ്മദ് അല്‍ ബന്ന അറിയിച്ചു. ഇതിനായി എമിറേറ്റ്‌സ് വിമാനം ഉപയോഗപ്പെടുത്താമെന്നും യു.എ.ഇ അംബാസിഡര്‍ വ്യക്തമാക്കി.

ഗള്‍ഫില്‍ നിന്നും പ്രവാസികളെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഗള്‍ഫിലെ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാന്‍ പദ്ധതിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഗള്‍ഫില്‍ ഇന്ത്യന്‍ പ്രവാസികള്‍ സുരക്ഷിതരാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യു.എ.ഇ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രം നിലപാടിനായി കാത്തിരിക്കുകയാണ് പ്രവാസികളും നാട്ടിലുള്ള ബന്ധുക്കളും.

യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യു.എ.ഇയിലെ ഇന്ത്യക്കാരെ തിരികെയെത്തിച്ച് ക്വാറന്റൈന്‍ ചെയ്യാനും ചികിത്സ നല്‍കാനും നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം.

Related post