• May 14, 2021

ഇന്ത്യ ഔട്ട്; ഷെയ്ക്ക് ഹാന്‍ഡ് നല്‍കി സ്റ്റാറായി അബുദാബി പൊലീസ്‌

 ഇന്ത്യ ഔട്ട്; ഷെയ്ക്ക് ഹാന്‍ഡ് നല്‍കി സ്റ്റാറായി അബുദാബി പൊലീസ്‌

ഒരേസമയം ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന് ഹസ്ത ദാനം ചെയ്ത ലോക റെക്കോര്‍ഡ് ഇനി അബുദാബി പൊലീസിന് സ്വന്തം.സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനായി ഒരു ലോകം ഒരു സന്ദേശം എന്ന പ്രമേയത്തിലായിരുന്നു ഹസ്തദാനം. 1817 പേരാണ് ഒരേ സമയം ഹസ്ത ദാനം ചെയ്തത്. ഇന്ത്യയുടെ റെക്കോര്‍ഡാണ് യുഎഇ ഇതിലൂടെ മറികടന്നത്. 1730 പേരാണ് ഇന്ത്യയില്‍ ഹസ്ത ദാനം ചെയ്തിട്ടുണ്ടായിരുന്നത്.

മാനവസാഹോദര്യ മാര്‍ഗരേഖ ഒപ്പുവച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കിലായിരുന്നു പ്രകടനം. മദര്‍ഹുഡ്, ചൈല്‍ഡ് ഹുഡ് സുപ്രീം കൗണ്‍സില്‍ പ്രസിഡന്റും ജനറല്‍ വിമന്‍സ് യൂണിയന്റെയും കുടുംബവികസന ഫൗണ്ടേഷന്റെയും ചെയര്‍വുമണുമായ ഷെയ്ഖാ ഫാത്തിമ ബിന്‍ത് മുബാറകിന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി പൊലീസ് യൂത്ത് കൗണ്‍സിലാണ് പരിപാടി സംഘടിപ്പിച്ചത്.

സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അബുദാബി പൊലീസ് മേധാവി മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇ, ഹിദായ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റാഷിദ് അല്‍ നുഐമി, സാമൂഹിക വികസന വിഭാഗം ചെയര്‍മാന്‍ മുഗീര്‍ ഖാമിസ് അല്‍ ഖൈലി, ജനറല്‍ വിമന്‍സ് യൂനിയന്‍ ഡയറക്ടര്‍ ജനറല്‍ നൂറ ഖലീഫ അല്‍ സുവൈദി തുടങ്ങി നിരവധി പ്രമുഖര്‍ ഹസ്തദാനത്തില്‍ കൈകോര്‍ത്തു.

Related post