• October 22, 2021

ലോക രാജ്യങ്ങളെ വിറപ്പിക്കുന്ന അമേരിക്കയ്ക്ക് കോവിഡിന്റെ മുന്നില്‍ കാലിടറുന്നുവോ… ?

 ലോക രാജ്യങ്ങളെ വിറപ്പിക്കുന്ന അമേരിക്കയ്ക്ക് കോവിഡിന്റെ മുന്നില്‍ കാലിടറുന്നുവോ… ?

ലോക രാജ്യങ്ങള്‍ തങ്ങളുടെ മുന്നില്‍ കുനിഞ്ഞ് തന്നെ നില്‍ക്കണമെന്ന് വാശിയുള്ള രാജ്യമാണ് അമേരിക്ക. എല്ലാം തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങി നില്‍ക്കണം എന്ന വാശി. ഏറ്റവും മികച്ച സംവിധാനങ്ങള്‍ തങ്ങള്‍ക്ക് മാത്രം കിട്ടണമെന്ന് നിര്‍ബന്ധമുള്ളവര്‍. ഇപ്പോള്‍ കോവിഡ് വൈറസ് വ്യാപനത്തില്‍ ഏറ്റവുമധികം പ്രഹരം ഏറ്റുവാങ്ങുന്നത് അമേരിക്കയാണ്. ലോകത്തില്‍ ഏറ്റവും അധികം രോഗബാധിതര്‍ ഉള്ളതും അമേരിക്കയില്‍ തന്നെയാണ്. ലോകത്തിലെ രോഗബാധിതരുടെ എണ്ണത്തില്‍ അഞ്ചില്‍ ഒന്നും അമേരിക്കയില്‍ തന്നെയാണ്. ഏപ്രില്‍ 9 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ കൊവിഡ് മരണം 14,797 ആണ്. രോഗബാധിതര്‍ 4.35 ലക്ഷം പേരും.

ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആദ്യം ഒറ്റയക്കങ്ങളായിരുന്നു. പീന്നീടിത് രണ്ടക്കം കടന്നു. അത് മൂന്നക്കവും നാലക്കവും കടന്ന് അഞ്ചക്കത്തിലെത്തിയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. പതിനായിക്കണക്കിന് ആളുകള്‍ക്കാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് 1 ന് രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 65 ആയിരുന്നു. എന്നാല്‍ പതിയെ പതിയെ ഈ എണ്ണം കൂടികൂടി വന്നു. മാര്‍ച്ച് 10 ആയപ്പോള്‍ രോഗികളുടെ എണ്ണം 949 ആയി. മാര്‍ച്ച് 15 ആയപ്പോള്‍ ഇത് 3,484 ആയി ഉയര്‍ന്നു. മാര്‍ച്ച് 20 ന് രോഗികളുടെ എണ്ണം 19,089. ഈ ഒരു കണക്ക് അമേരിക്കയുടെ കണക്ക് കൂട്ടല്‍ ആകെ തെറ്റിച്ചു. ആദ്യഘട്ടത്തില്‍ വേണ്ടത്ര പരിശോധനകള്‍ ഇല്ലാതിരുന്നതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി പകുതിയോടെ തന്നെ രോഗ ബാധ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി 29 ന് ആണ് രാജ്യത്ത് ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 2 ആയപ്പോള്‍ മരണ സംഖ്യ 6 ആയി ഉയര്‍ന്നു. മാര്‍ച്ച് 10 ആയപ്പോള്‍ ഇത് 30 ആയി. മാര്‍ച്ച് 15 എത്തിയപ്പോള്‍ ആകെ മരണം 69 ല്‍ എത്തി. പിന്നീട് ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയായിരുന്നു. മാര്‍ച്ച് 20 ആയപ്പോഴേക്കും മരണം 255 ല്‍ എത്തി. മാര്‍ച്ച് 21 ല്‍ ഇത് 301 ആയി ഉയര്‍ന്നു.

മാര്‍ച്ച് 25 ആയപ്പോള്‍ അമേരിക്കയില്‍ കൊവിഡ് മരണം 1,028 ആയി. മാര്‍ച്ച് 31 എത്തിയപ്പോള്‍ അമേരിക്കയിലെ മരണ സംഖ്യ 4,057 ആയി. മാര്‍ച്ച് 21 ന് മരണം 301 ആയിരുന്നു. പത്ത് ദിവസം കൊണ്ട് മരിച്ചവരുടെ എണ്ണം പത്തിരട്ടിയില്‍ അധികം. മാര്‍ച്ച് 31 വരെ ഓരോ ദിവസത്തേയും മരണം ആയിരത്തിന് താഴെ ആയിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തിലേക്ക് കടന്ന ദിവസം തന്നെ മരിച്ചത് ആയിരത്തിലധികം ആളുകള്‍. പിന്നീട് ഓരോ ദിവസവും അത് തുടര്‍ന്നുവരികയാണ് എന്നതാണ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 1 വരെ 5,107 മരണങ്ങളായിരുന്നു അമേരിക്കയില്‍ സംഭവിച്ചത്. ഏപ്രില്‍ 8 ല്‍ എത്തുമ്പോള്‍ അത് ഏതാണ്ട് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഇക്കണക്കിനാണെങ്കില്‍ അടുത്ത ഒരാഴ്ച പിന്നിടുമ്പോഴേക്കും അമേരിക്കയിലെ കൊവിഡ് മരണങ്ങള്‍ അരലക്ഷം കവിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡിനെ ശക്തമായി പ്രതിരോധിച്ചില്ലെങ്കില്‍ അമേരിക്കയില്‍ ഏറ്റവും ചുരുങ്ങിയത് 22 ലക്ഷം മനുഷ്യരുടെ ജീവനെടുക്കും എന്നായിരുന്നു ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ പഠനം വ്യക്തമാക്കിയത്. ഇത്തരം ഒരു സാഹചര്യത്തെ അമേരിക്കയും തള്ളിക്കളയുന്നില്ല.

ആരോഗ്യ മേഖലയില്‍ അമേരിക്ക ഒരു പരാജയം ആണോ എന്നു പോലും ചിന്തിച്ചു പോകുന്ന അവസ്ഥ. സാധാരണക്കാര്‍ക്ക് ചികിത്സ പ്രാപ്യമല്ലെന്നതും ആവശ്യത്തിന് ചികിത്സാ സംവിധാനങ്ങള്‍ ഇല്ലെന്നതും ആരോഗ്യമേഖലയുടെ പരാജയം തന്നെയാണ്. കൊവിഡ് ബാധിച്ചവരോട് വീടുകളില്‍ തന്നെ തങ്ങാന്‍ ആണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരെ മാത്രമാണത്രെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. പക്ഷേ, ഇത്തരക്കാര്‍ക്ക് പോലും നല്‍കാന്‍ ആവശ്യമായ വെന്റിലേറ്ററുകളും ഇല്ലാത്ത സ്ഥിതിയാണ്.

നമ്മുടെ കൊച്ചു കോരളത്തില്‍ പോലും രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗം ഭേദമാകുന്നരുടെ എണ്ണവും കൂടുന്നുണ്ട്. പക്ഷേ, അമേരിക്കയ്ക്ക് അങ്ങനെ ഒരു പ്രതീക്ഷ പോലും ഇല്ല. 4.35 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ രോഗശാന്തി നേടിയവര്‍ വെറും 22,891 പേര്‍ മാത്രമാണ് എന്നതാണ് അമേരിക്കയെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം കുറയുന്നില്ല എങ്കില്‍ മരണം ഇനിയും കൂടും.

2 ലക്ഷത്തിലധികം പേര്‍ മരിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ അത്രയും ബോഡി മറവു ചെയ്യുവാന്‍ 2 ലക്ഷം ബോഡി ബാഗുകള്‍ തയ്യാറാക്കി കാത്തിരിക്കുന്ന അമേരിക്കന്‍ വികസ്വരത മനുഷ്യത്വത്തിന്റെ നേര്‍ക്ക് കൊഞ്ഞനം കുത്തുമ്പോളാണ് ഓരോ ജീവനും രക്ഷിച്ചെടുക്കാന്‍ വേണ്ടി രാപ്പകലില്ലാതെ നെട്ടോട്ടമോടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും ഗവണ്‍മെന്റിന്റെയും മഹത്വം നമ്മല്‍ മലയാളികള്‍ മനസ്സിലാക്കേണ്ടത്.

Related post