• August 2, 2021

ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹർജി പരിഗണിക്കില്ലെന്ന് വിശാല ബെഞ്ച്

 ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹർജി പരിഗണിക്കില്ലെന്ന് വിശാല ബെഞ്ച്

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കില്ലെന്ന് വിശാല ബെഞ്ച്. അഞ്ചംഗ ബെഞ്ച് നിർദേശിച്ച ഏഴ് ചോദ്യങ്ങൾ മാത്രമാണ് പരിഗണിക്കുകയെന്നാണ് ഒൻപതംഗ വിശാല ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഒമ്ബതംഗ വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ ജനുവരി 17ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ യോഗം വിളിക്കുമെന്ന് ചിഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചു. വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മൂന്നാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം വിഷയം പരിഗണിക്കുമ്പോൾ ശബരിമലയാകും ആദ്യം പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഏതെങ്കിലും പ്രത്യേക വിഷയത്തിന്മേലുള്ള വാദം ഉണ്ടാകില്ലെന്നും ചിഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിണനയ്ക്ക് വിട്ട ചോദ്യങ്ങളെക്കുറിച്ചുള്ള വാദങ്ങളാകും കോടതിയില്‍ നടക്കുക.

ഈ ചോദ്യങ്ങള്‍ എന്താണെന്ന് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകര്‍ക്കിടയില്‍ യോഗം വിളിച്ചുചേര്‍ക്കാനാണ് കോടതി തീരുമാനിച്ചത്. ഈ യോഗമാണ് 17ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കുക. അഭിഷേക് മനു സിങ്‌വി, സി.എസ്. വൈദ്യനാഥന്‍, രാജീവ് ധവാന്‍, ഇന്ദിരാ ജെയ്‌സിങ് എന്നീ അഭിഭാഷകരായിരിക്കും ഈ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യുക.

ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ ചേലാകര്‍മം, പാര്‍സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയവെല്ലാം വിശാലബെഞ്ച് പരിഗണിക്കും. എന്നാല്‍ അതെല്ലാം ഓരോ വിഷയത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.മാത്രമല്ല വാദം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാഴ്ചക്കകം യോഗം ചേര്‍ന്ന് വിഷയങ്ങള്‍ തീരുമാനിച്ച്‌ ഉടന്‍ വാദം തുടങ്ങണമെന്നാണ് അദ്ദഹം പറഞ്ഞിരിക്കുന്നത്.

Related post