• May 14, 2021

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കി

 ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കി


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. 195 നെതിരെ 228 വോട്ടിനാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. 435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ഡെമോക്രറ്റുകളായതിനാല്‍ പ്രമേയം പാസാകുമെന്നത് നേരത്തെ തന്നെ ഉറപ്പായിരുന്നു.

അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നി കുറ്റങ്ങളാണ് ട്രംപിനു മേല്‍ ചുമത്തിയിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം 197 നെതിരെ 230 വോട്ടിന് പാസായി. എന്നാല്‍ സെനറ്റിലും പാസായാല്‍ മാത്രമെ ട്രംപിനെതിരെ വിചാരണ നടത്താന്‍ കഴിയൂ.സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് വിചാരണയാണ് ഉള്ളത്. ഇതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം.എന്നാല്‍, സെനറ്റില്‍ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രമേയം തള്ളിപ്പോകാനാണ് സാധ്യത.

ജനപ്രതിനിധി സഭയില്‍ ഇംപീച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ് .1868 ഫെബ്രുവരി 24ന് ആന്‍ഡ്രൂ ജോണ്‍സണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു. 1974 ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍ ഇംപീച്ച്മെന്റ് വിചാരണ നേരിട്ടു. 1998 ഡിസംബര്‍ 19ന് ബില്‍ ക്ലിന്റണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു.

അതിനിടെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഡോണള്‍ഡ് ട്രംപ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കത്തയച്ചിരുന്നു.ഭരണത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അവാസ്തവവും അതിഭാവുകത്വം നിറഞ്ഞതുമാണ് തനിക്കെതിരായ ആരോപണങ്ങളെന്നും ട്രംപ് കത്തില്‍ പറയുന്നു.
അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണെന്നായിരുന്നു ഇംപീച്ച്‌മെന്റിനോടുള്ള വൈറ്റ് ഹൗസിന്റെ പ്രതികരണം.

Related post