• October 26, 2021

സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണ്ണറുടെ ആവശ്യം ഉണ്ടോ…?

 സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണ്ണറുടെ ആവശ്യം ഉണ്ടോ…?

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരുമായുള്ള വാക്‌പോരാണ്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്ന പദവിയുടെ പ്രസക്തി ചര്‍ച്ച ചെയ്യാതെ തരമില്ല. ജനാധിപത്യ സംവിധാനമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ പദവിക്കാര്‍ ഒരു പാര ആകാറുണ്ട് എന്നത് ഒരു സത്യം തന്നെയാണ്.

പലപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഗവര്‍ണ്ണര്‍മാര്‍. അതിനാല്‍ ഈ പാരവെക്കലിനും കുത്തിത്തിരിപ്പിനും അവരെ കുറ്റം പറയാന്‍ പറ്റില്ല. മാത്രമല്ല , സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരവും രാഷ്ടീയവുമായ അവകാശങ്ങളില്‍ കൈകടത്താനുള്ള പഴുതുകളും കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള അധികാരത്തിലുണ്ടെന്നതും മറ്റൊരു വസ്തുത. സര്‍ക്കാരിനെ പിരിച്ചുവിടുക, സഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതിരിക്കുക, കേന്ദ്ര സര്‍ക്കാരിന് സ്തുതി പാടാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുക തുടങ്ങി ഗവര്‍ണര്‍മാരുടെ അനാവശ്യ ഇടപെട
ലുകള്‍ സംസ്ഥാത്തെ വലച്ച അനുഭവങ്ങള്‍ നിരവധിയുണ്ട്.

പുതിയ സംസ്ഥാന സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുമ്പോള്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ്. അസംബ്ലി ചേരുമ്പോഴുള്ള നയപ്രഖ്യാപനം ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രിക്ക് നടത്താവുന്നതാണ്. കേന്ദ്രവും സംസ്ഥാനവും ഒരേ സര്‍ക്കാരാണ് ഭരിക്കുന്നതെങ്കില്‍ ഈയൊരു പ്രശ്‌നം ഉണ്ടാവുന്നില്ല.

ദ്യമൊക്കെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്തവരെയും സാമൂഹത്തില്‍ ഏറെ അംഗീകാരം ഉള്ളവരെയുമായിരുന്നു ഗവര്‍ണര്‍മാരായി നിയമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗവര്‍ണ്ണര്‍ പദവി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പൊതുസമൂഹത്തിന് ചിരിക്കുവാനുള്ള വകയാ യി മാറിയിരിക്കുകയാണ്. ആര്‍ക്കും വഹിക്കാവുന്ന ഒരു സാധാരണ പദവിയിലേക്ക് തരംതാണ പോയിരിക്കുന്നു എന്ന് നിസംശയം പറയാം. സജീവരാഷ്ടീയ പ്രവര്‍ത്തനം നടത്തുകയും ഭരണകക്ഷിയോട് കൂറു പുലര്‍ത്തുകയും മന്ത്രിസ്ഥാനം വരെ വഹിക്കുകയും ചെയ്തവരെയാണ് ഇപ്പോള്‍ ഗവര്‍ണര്‍മാരായി നിയമിക്കുന്നത്. പലരുടേയും മട്ടും ഭാവവും കണ്ടാല്‍ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിമാരല്ലെന്ന് ആരും പറയില്ല.ഇന്ത്യന്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ ഗവര്‍ണര്‍ തസ്തിക അവസാനിപ്പിക്കണമെന്ന പ്രതിപക്ഷ സര്‍ക്കാരുകളുടെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്വന്തം പദവിയുടെ ഭരണഘടന ബാധ്യത പോലും അറിയാത്തവരാണ് രാജ്യത്തെ പല ഗവര്‍ണ്ണര്‍മാരെന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പറയുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്ന ഒരു നിയമത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗവര്‍ണ്ണര്‍ പദവിയില്‍ ഇരുന്നവര്‍ പോലും ഈ പദവിയുടെ ദൂഷ്യവശങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഈ പദവി പണ്ടെ കിണറ്റിലെറിയേണ്ടിയിരുന്നു എന്ന് തോന്നി പോകുന്നതില്‍ അത്ഭുതമില്ല.

Related post