• November 27, 2021

ജബ്രകളുടെ മാപ്പിള ലഹള, മൗദൂദികളുടെ മലബാർ വിപ്ലവം, കമ്മികളുടെ കർഷക കലാപം, സംഘികളുടെ വർഗീയ ലഹള: കാലം മലബാർ കലാപത്തെ വായിക്കുന്നതെങ്ങനെ?

 ജബ്രകളുടെ മാപ്പിള ലഹള, മൗദൂദികളുടെ മലബാർ വിപ്ലവം, കമ്മികളുടെ കർഷക കലാപം, സംഘികളുടെ വർഗീയ ലഹള: കാലം മലബാർ കലാപത്തെ വായിക്കുന്നതെങ്ങനെ?

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നൻ ഒരു ലക്ഷണമൊത്ത വാരിക്കുഴിയാണ്. ഏതോ രാഷ്ട്രീയകുഞ്ജരത്തെ ലക്ഷ്യം വച്ചാണ് ഈ തിരക്കഥ ഒരുക്കിയിട്ടുള്ളത്.  ‘അശ്വത്ഥാത്മാ ഹതഃ കുഞ്ജര’ എന്ന അർദ്ധസത്യം പറയാനുള്ള മൗദൂദിക്കുഞ്ഞുങ്ങളുടെ സൂത്രവിദ്യയാണിത്. മലബാർ വിപ്ലവം എന്നാണ് ആഷിഖ് അബു ആ സായുധ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. ആ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ‘ഷഹീദ് വാരിയംകുന്നൻ’ എന്ന പ്രോജക്റ്റ് പി ടി കുഞ്ഞുമുഹമ്മദ് പ്രഖ്യാപിച്ചു. വാരിയംകുന്നത്തിനെ കുറിച്ചുള്ള തന്റെ തന്നെ നാടകം സിനിമയാക്കുന്ന പ്രോജക്റ്റ് നാടകകൃത്ത് ഇബ്രാഹിം വേങ്ങര പ്രഖ്യാപിച്ചു. 1921ന്റെ യഥാർത്ഥ ചരിത്രം സിനിമയാക്കുമെന്ന് ബാംബൂ ബോയ്സ് ഫെയിം അലി അക്ബറും പ്രഖ്യാപിച്ചു. 

1921 എന്ന പേരിൽ 88ൽ കെ ദാമോദരൻ തിരക്കഥയെഴുതി, അന്നത്തെ സൂപ്പർഹിറ്റ് സംവിധായകനായ ഐ വി ശശി ഒരുക്കിയ ഒരു മമ്മൂട്ടി ചിത്രം ഇറങ്ങിയിട്ടുണ്ട്. അതിലൂടെ നായകസ്ഥാനത്ത് പ്രതിഷ്ഠ നേടിയ വല്യ പുള്ളിയാണ്, സാക്ഷാൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കാലാപാനിയിലൂടെ സവർക്കർ ബിംബവൽക്കരിക്കപ്പെട്ടതുപോലെ കുഞ്ഞഹമ്മദ് ഹാജി ബിംബമായില്ല. മലബാറിനു പുറത്ത് ഇന്നും കാര്യമായി കേട്ടിട്ടുള്ള പേരല്ല, അത്. ചിലപ്പോൾ ഹിന്ദു ഐക്യവേദിയുടെ ശശികലയെങ്ങാനും തന്റെ വർഗീയ പേക്കൂത്തിൽ ഈ പേരു പരാമർശിച്ചെങ്കിലായി. പിന്നെന്താണ് ഇപ്പോൾ പൊടുന്നനെ നാലു ചിത്രങ്ങൾ ഇദ്ദേഹത്തെ ചുറ്റിപ്പറ്റി പ്രഖ്യാപിക്കപ്പെടാൻ കാരണം? 

അതേക്കുറിച്ചു പറയുംമുമ്പ് മലബാർ കലാപത്തെ കുറിച്ചു പറയണം. മലബാർ റിബല്ല്യൻ എന്നാണ് ബ്രിട്ടീഷ് രേഖകളിൽ കലാപത്തെ വിശേഷിപ്പിക്കുന്നത്. തങ്ങൾക്കെതിരായുണ്ടാകുന്ന എല്ലാ അപ്റൈസിങ്ങുകളെയും ഡൗൺപ്ലേ ചെയ്യുക എന്നത് അവരുടെ ശീലമായിരുന്നു. പിൽക്കാലത്ത് ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെട്ട 1857ലെ സമരത്തെ പോലും ശിപായി ലഹള എന്നാണ് അവർ വിളിച്ചുകൊണ്ടിരുന്നത്. അതേ സമയം ബ്രിട്ടീഷ് ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് സാധാരണ ജനസാമാന്യം സംഘടിച്ച് ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരെ ഗറില്ലായുദ്ധം ചെയ്യുകയും സ്വന്തം രാജ്യം പ്രഖ്യാപിക്കുകയും കറൻസി മുതൽ പാസ്പോർട്ട് വരെ അച്ചടിക്കുകയും ചെയ്ത വേറൊരു സംഭവം മലബാർ കലാപമല്ലാതെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പെസന്റ് റിവോൾട്ട്, അഥവാ കർഷകകലാപം എന്ന് അതിനെ വിളിച്ചത് 1946ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ നേതാക്കന്മാരാണ്. ഓഗസ്റ്റ് 20നു നടന്ന സംസ്ഥാനസമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. പ്രമേയം വിശദീകരിച്ചു കൊണ്ട് സഖാവ് EMS ദേശാഭിമാനിയിൽ ‘ആഹ്വാനവും താക്കീതും’ എന്ന പേരിൽ ലേഖനമെഴുതി. ദേശാഭിമാനി പൂട്ടിച്ചു. EMS നെ ജയിലിൽ അടച്ചു. ഇതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ AKG പ്രസംഗിച്ചു. AKG യെയും ജയിലിൽ അടച്ചു. പ്രസംഗം ഇങ്ങനെ ആയിരുന്നു:- “…ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, ബ്രിട്ടീഷുകാർക്കെതിരെ, ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിങ്ങള്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വം നേരിട്ടു. ഈ മാപ്പിള സഹോദരന്മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാവുക? “ AKG ജയിൽ മോചിതനായത് ഒരുപാട് കഴിഞ്ഞിട്ടാണ്. പാർടി പിളർപ്പിനു ശേഷം അച്യുതമേനോൻ കോൺഗ്രസ് – ലീഗ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ 1971ൽ മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ച്, അതിൽ പങ്കെടുത്തവർക്ക് പെൻഷൻ അനുവദിച്ചു. 

മലബാറിലെ ഭൂവുടമസ്ഥത, അധികാരം, സമ്പത്ത് തുടങ്ങി വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന നൂറ്റാണ്ടുകളുടെ ചരിത്രം പുനർവായനയ്ക്കു വയ്ക്കാതെ മാപ്പിള ലഹളയെ ഒറ്റതിരിച്ചു വായിക്കുന്നതിൽ പന്തികേടുണ്ട്. പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് അധിനിവേശം മുതലെങ്കിലുമുള്ള ചരിത്രം ഇതിനു പിന്നോട്ടു പറയാനാകും. അതേ വരെ അറബ് കച്ചവടക്കാരായിരുന്നു, യൂറോപ്പിലെങ്ങും സുഗന്ധവ്യഞ്ജനം എത്തിച്ചുകൊണ്ടിരുന്നത്. അവരുമായുള്ള കച്ചവടത്തിലൂടെ വണിക വൈശ്യ ജാതികളുടെ കുലത്തൊഴിൽ കേരളത്തിൽ പ്രത്യേകിച്ചു മലബാറിൽ അനുഷ്ഠിച്ചു പോന്നിരുന്നത് മാപ്പിളമാരായിരുന്നു. ഒമ്പതാം നൂറ്റാണ്ടിന്റെ പകുതിമുതൽ നിലനിന്നുപോന്ന ഒരു മേധാവിത്വമായിരുന്നു, അത്. എഡി 849 ഓടെ രാജകീയ പാരിതോഷികങ്ങൾ ലഭിച്ചുപോന്നിരുന്ന, സാമൂതിരിയുടെ സഭയിൽ പ്രാതിനിധ്യം ഉണ്ടായിരുന്ന, മാമാങ്കത്തിൽ സാമൂതിരിക്കൊപ്പം നിലപാടുതറയിൽ നിൽപ്പുറപ്പിച്ചിരുന്ന, സമൂഹത്തിൽ ഉന്നത പദവി കൈയാളിയിരുന്ന ആളുകളായിരുന്നു, മാപ്പിളമാർ. പോർച്ചുഗീസുകാർ അവരുടെ വ്യാപാരക്കുത്തക തകർക്കുക മാത്രമല്ല, അവരുടെ കച്ചവടം തന്നെ അവസാനിപ്പിച്ചു. ഇതോടുകൂടി മാപ്പിളമാരുടെ ശക്തി ക്ഷയിച്ചു. അവർ ദരിദ്ര കർഷകരോ കർഷകത്തൊഴിലാളികളോ മീൻപിടുത്തക്കാരോ ആയി മാറി. അക്കാലത്തു തന്നെ കലാപത്തിന്റെ സ്ഫുരണങ്ങൾ മലബാറിലെ മാപ്പിളമാർ പ്രകടിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് 16-ാം നൂറ്റാണ്ടിലെ Tuhfat ul-Mujahideen എന്ന പുസ്തകം നോക്കുക. ജിഹാദിനോട് – വിശുദ്ധ യുദ്ധത്തോട് – ഉള്ള പ്രതിബന്ധതയുടെ പേരിൽ ഡക്കാനിലെ ഒരു സുൽത്താനെ പുകഴ്ത്തുന്നതാണ്, ഈ പുസ്തകം. അതിൽ  അവിശ്വാസികൾക്കെതിരെ യുദ്ധം ചെയ്യാൻ മാപ്പിളമാരെ ഉത്ബോധിപ്പിക്കുന്നുണ്ട്. എന്നാൽ അതിൽ പരാമർശിക്കുന്ന അവിശ്വാസികൾ ഹിന്ദുക്കളല്ല, പോർച്ചുഗീസുകാരാണ് എന്നു മാത്രം. 

കച്ചവടം നഷ്ടമായതോടെ ദരിദ്രരായി പോകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഭൂമിക്കു മേലെ അവർക്ക് യാതൊരവകാശവും ഇല്ലായിരുന്നു എന്നതാണത്. ഭൂവുമടസ്ഥത, ദേവസ്വം, ബ്രഹ്മസ്വം, രാജസ്വം എന്നിങ്ങനെ മൂന്നുവിഭാഗത്തിലായിരുന്നു. അതിൽ ദേവസ്വം, ബ്രഹ്മസ്വം ഭൂമികളുടെ മേലെ ബ്രാഹ്മണർക്കല്ലാതെ മറ്റാർക്കും അധികാരമില്ല. നമ്പൂതിരി ഇല്ലങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിക്കുമേൽ അവർക്കു ജന്മാവകാശം സിദ്ധിച്ചിരുന്നു. നായർ പ്രമാണിമാർ ജന്മം ഭൂമി നോക്കി നടത്തി. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പാട്ടം കൊടുക്കേണ്ടതായ കാണപ്പാട്ട വ്യവസ്ഥയിലാണ് ഈ സ്ഥലത്തിന്റെ മേൽ നായന്മാർ അധികാരം കൈയാളിയിരുന്നത്.  അതു തന്നെ പലപ്പോഴും നമ്പൂതിരിമാരുമായുള്ള സംബന്ധത്തിന്റെ പേരിൽ കൊടുക്കലുണ്ടായിരുന്നില്ല. എന്നാൽ മറ്റുള്ളവർ ഈ കാണഭൂമിയിൽ കുടിയാന്മായിരുന്നു. അവരുടെ പക്കൽ നിന്ന് പാട്ടം പിരിക്കാനുള്ള അധികാരവും നായന്മാർക്കായിരുന്നു. 

ഈ അധികാരം നഷ്ടമായത് മൈസൂർ അധിനിവേശത്തിന്റെ കാലത്താണ്. അതിന്റെ കഥ വേറെ തന്നെ പറയേണ്ടതാണ്.  ഹൈദരാലിയെ പേടിച്ച്, മഖ്ദൂം അലിയേയും സർദാർ ഖാനേയും പേടിച്ച്, മൈസൂർ പടയെ പേടിച്ച് വടക്കേ മലബാറിൽ നിന്ന് ഭൂവുടമകളോ ജന്മികളോ ഒക്കെ ആയിരുന്ന നിരവധി മേൽജാതി ഹിന്ദുക്കൾ, പ്രത്യേകിച്ചു നമ്പൂതിരി കുടുംബങ്ങൾ മലബാർ വിട്ട് കൊച്ചിയിരും തിരുവിതാംകൂറിലും അഭയം തേടി. നാട്ടുരാജ്യങ്ങളുടെ ഖജാനകളായിരുന്ന ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടതും നിർബന്ധിത മതംമാറ്റം നടക്കുന്നതായുള്ള ആസൂത്രിത പ്രചാരണവും ഒക്കെയാണ് അതിലേക്കു നയിച്ചത്. കൂർഗിലെ 2000 പേരുടെ കൂട്ടക്കൊലയുടെ കഥകളൊക്കെ അത്രമാത്രം അവരെ ഭയചകിതരാക്കിയിരുന്നു. ഇക്കാലത്ത് അധഃസ്ഥിത വിഭാഗത്തിൽ പെട്ട നിരവധിയാളുകൾ മതംമാറിയെന്നതും യാഥാർത്ഥ്യമാണ്. നമ്പൂതിരി ബ്രാഹ്മണർക്ക് പൂജയും മറ്റും കൊണ്ട് എവിടെ പോയാലും ജീവിക്കാമായിരുന്നു. അതേ പോലെ എവിടേക്കും പോകാവുന്ന ഘടനയായിരുന്നില്ല ശൂദ്രകുലത്തിന്റേത്.  

ഹൈദരിനു ശേഷം ടിപ്പു ഭരണാധികാരത്തിലേക്കു വന്നു. കേരളത്തിൽ നായന്മാരുടെ അധികാരത്തെ ഇത്രയധികം disrupt ചെയ്ത വേറൊരു ഭരണാധികാരിയില്ല. ടിപ്പുസുൽത്താൻ ചെയ്തത് മൂന്നുകാര്യമാണ്. ഒന്ന്, കാണപ്പാട്ട സമ്പ്രദായം നിർത്തലാക്കി. അതോടുകൂടി ഈഴവരും മുസ്ലീങ്ങളുമായ കൃഷിക്കാർക്ക് നായന്മാരുടെ പേർക്ക് പാട്ടം കൊടുക്കേണ്ടതില്ല എന്ന അവസ്ഥ വന്നുചേർന്നു. ഇതു സാമ്പത്തികമായി നായർ തറവാടുകളെ തകർത്തുതരിപ്പണമാക്കി. രണ്ടാമതായി നികുതി പിരിക്കാനുള്ള നായന്മാരുടെ അധികാരം എടുത്തുകളഞ്ഞു. നികുതി പിരിവിന് ഉദ്യോഗസ്ഥ സമ്പ്രദായം ഏർപ്പെടുത്തി. മൂന്നാമതായി മലബാറിൽ സ്ത്രീകൾ മേൽവസ്ത്രം അണിയണം എന്ന നിയമം കൊണ്ടുവന്നു. അതിനു കാരണം, മൈസൂർ സൈന്യത്തിന് ബലാത്സംഗം ചെയ്യാനുള്ള ‘അവകാശം’ നിഷേധിക്കപ്പെട്ടിരുന്നു എന്നതുകൂടിയാണ്. ഇതാണ് ടിപ്പുവിന്റെ സൈന്യം തങ്ങളെ നിർബന്ധിച്ച് കാച്ചി അണിയിച്ചു എന്നൊക്കെ പല സവർണ ഹിന്ദുക്കളും ഇന്ന് പറയാൻ ഇടയാക്കിയത്. ഏതായാലും ഇക്കാലം മലബാർ മാപ്പിളമാർ സ്വാഭിമാനം വീണ്ടെടുത്ത കാലം കൂടിയാണ്. 

1789ൽ നെടുംകോട്ട യുദ്ധം നടക്കുമ്പോൾ ബ്രിട്ടീഷ് സൈന്യം ശ്രീരംഗപട്ടണം ആക്രമിച്ചതിനെ തുടർന്ന് മൈസൂർ സേനയ്ക്ക് യുദ്ധം പാതിയിലുപേക്ഷിച്ച് ദേവനഹള്ളിയിലേക്കു തിരികെ പോകേണ്ടിവന്നു. ബ്രിട്ടീഷ് സൈന്യം ടിപ്പുവിനെ യുദ്ധത്തിൽ തോല്പിച്ചതോടെ മൈസൂർ ബ്രിട്ടീഷ് അധീനതയിലായി. ബ്രിട്ടീഷുകാരാവട്ടെ, ജന്മവും കാണപ്പാട്ട വ്യവസ്ഥയും തിരികെ കൊണ്ടുവരികയും നായന്മാർക്ക് നികുതിപിരിവിനുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തു. കാണഭൂമിയിൽ കൃഷിചെയ്തുണ്ടാക്കുന്ന വിഭവത്തിന്റെ 59% മുതൽ 77% വരെ വർഷാവർഷം പാട്ടം കൊടുക്കാൻ തീയരും മുസ്ലീങ്ങളുമായ കർഷകർ നിയമപരമായി തന്നെ  നിർബന്ധിക്കപ്പെട്ടു. അതേ സമയം 12 വർഷത്തിലൊരിക്കൽ മാത്രം കൊടുക്കേണ്ട കാണപ്പാട്ടം, ഫലത്തിൽ കൊടുക്കേണ്ടതായും വന്നില്ല. ഈ സാഹചര്യം  സാമൂഹ്യബന്ധങ്ങളിലും പ്രതിഫലിക്കുന്നു. 1915ലെ റെക്കോഡുകൾ പ്രകാരം മലബാറിൽ നിന്ന് ബ്രിട്ടീഷുകാർ പിരിച്ച ഭൂനികുതിയുടെ അഞ്ചിലൊന്നും 86 ജന്മികളിൽ നിന്നാണ് ലഭിച്ചിരുന്നത് എന്നും അതിൽ 84 പേരും സവർണ്ണ ഹിന്ദുക്കളായിരുന്നു എന്നതും ഇതിനോടു കൂട്ടിവായിക്കണം. ഇവരുടെ കൂടി സഹായത്താലാണ് ബ്രിട്ടീഷുകാർ മലബാറിനെ അടക്കി ഭരിച്ചിരുന്നത്. 

ഭൂവുടമകളായ ജന്മിമാർക്കെതിരെ പല ഘട്ടങ്ങളിലും മലബാറിൽ ചെറുത്തുനിൽപ്പുകളുണ്ടായിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിനു ശേഷം ലോകമെങ്ങും ഉണ്ടായിട്ടുള്ള നിരവധി ഭൂസമരങ്ങളുടെയും തത്ഫലമായുണ്ടായ ഭൂപരിഷ്കരണങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ വേണം ഭൂവുടമസ്ഥതയ്ക്കു വേണ്ടിയുള്ള ഈ കലാപങ്ങളെയും വിലയിരുത്താൻ. 1921 ഓഗസ്റ്റിൽ തുടങ്ങി 22 ജനുവരിയിൽ അവസാനിച്ച കലാപമല്ല, അത്. മലബാറിനെ സംബന്ധിച്ച് അതിന് ഒരു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. 1836 മുതൽ 1921 വരെയുള്ള കാലങ്ങളില്‍ ചെറുതും വലുതുമായ നിരവധി കലാപങ്ങള്‍ മലപ്പുറത്തു നടന്നു. അതെല്ലാം ബ്രിട്ടീഷ് സാമാജ്യത്വത്തിനെതിരായിരുന്നു. പലപ്പോഴായി ഉയർന്നുവന്ന ചെറിയ ചെറിയ ചെറുത്തുനിൽപ്പുകളുടെ culmination ആണ് വള്ളുവനാട്, ഏറനാട്,  താലൂക്കുകളിൽ 1921ൽ നടന്നത്. പൊന്നാനി, കോഴിക്കോട് താലൂക്കുകളുടെ ചില ഭാഗങ്ങളും കലാപകാരികളുടെ ഭരണത്തിൻകീഴിൽ വന്നിരുന്നു. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും എംപി നാരായണമേനോനും നേതൃത്വം നൽകി 1920ൽ രൂപീകരിച്ച കുടിയാൻ സംഘമാണ്, മലബാർ കലാപത്തെ ആളിക്കത്തിച്ചത്.  കുറഞ്ഞത് അരഡസൻ നേതാക്കളെങ്കിലും ഉണ്ടായിരുന്ന, പരസ്പരം ഒത്തു ചേരാത്ത പല പല ഗറില്ലാ സംഘങ്ങൾ ഉണ്ടായിരുന്ന ഒരു വലിയ മാസ് മൂവ്മെന്റ് ആയിരുന്നു അത്.

ഉദാഹരണത്തിന് കർഷകരിൽ നിന്ന് കടുത്ത നികുതി പിരിക്കാനുള്ള ബ്രിട്ടീഷ് ശ്രമത്തിനെതിരെ മാപ്പിള കലാപകാരികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ മഞ്ചേരിയിൽ 1849ൽ ഹസൻ മൊയ്തീന്റെ നേതൃത്വത്തിൽ വലിയ യുദ്ധം തന്നെയുണ്ടാകുന്നുണ്ട്.  24 വയസ്സിൽ താഴെ പ്രായമുണ്ടായിരുന്ന 61 മാപ്പിള യുവാക്കളെയാണ് കലാപം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നത്. ഇതിനോടുള്ള പ്രതികാരമായി1849 ഓഗസ്റ്റ് 27൹ എൻസൺ വൈസ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 1921ലെ കലാപത്തിന് 72 വർഷം മുമ്പാണിത് എന്നോർക്കണം. അല്ലെങ്കിൽ ജാലിയൻ വാലാഭാഗിന് 70 വർഷം മുമ്പായിരുന്നു എന്നതെങ്കിലും. 

1896ൽ  കുടിയാന്മാരെ ജന്മി കൃഷിയിടത്തുനിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുന്നതിനെതിരെ നേരത്തെ പറഞ്ഞ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവിന്റെ നേതൃത്വത്തിൽ കർഷകർ സംഘടിച്ച് കലാപം നടത്തിയിട്ടുണ്ട്. ഈ കലാപത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹം നാടുകടത്തപ്പെട്ടു. 

ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ രേഖകളില്‍ മൂന്നു വിഭാഗങ്ങളെയാണ് ഫെറോഷ്യസ് എന്നു വിളിച്ചിട്ടുള്ളത്. നാഗകളെ, സന്താളുകളെ, മലപ്പുറം മാപ്പിളമാരെ. ഇവരിൽ അല്പകാലത്തേക്കെങ്കിലും ബ്രിട്ടീഷ് ഭരണത്തെ ചെറുത്തുനിന്ന് സ്വന്തം ഭരണാധികാരം നടപ്പിലാക്കിയത് മലബാർ മാപ്പിളമാർ മാത്രമാണ്. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സയ്യിദ് ഫദലിനെ നാടുകടത്തിയ സംഭവത്തോടെയാണ് ചെറുത്തുനിൽപ്പുകൾക്ക് കേന്ദ്രീകൃത സ്വഭാവം വരുന്നത്.  ബ്രിട്ടീഷ് രേഖകളിൽ ഖിലാഫത്തുകാരെയും മലപ്പുറത്തെ കൊള്ളസംഘങ്ങളെയും കുറിച്ച് ചേർത്തു പറയുന്നുണ്ട്. മലബാർ കലാപത്തെ അമർച്ച ചെയ്യാനായി കൊള്ളസംഘങ്ങളെ തൊടാതെ വിടുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. കലാപകാരികളാവട്ടെ, കൊള്ളക്കാരെയും വിചാരണ ചെയ്തു ശിക്ഷിക്കുന്നുണ്ട്. 

ഈ കലാപങ്ങൾക്ക് വർഗീയ മാനമുണ്ടായിരുന്നോ എന്ന ചോദ്യമാണ് ഒരു വശത്ത് ഉയരുന്നത്. തിരൂരങ്ങാടി പള്ളിയിലെ ഖത്തീബ് ആയിരുന്ന ആലി മുസ്ലിയാരുടെ നേതൃത്വത്തിലും മറ്റും നടന്ന നിരവധി കലാപങ്ങൾ മതത്തിന്റെ കൂടി സഹായത്തോടെയാണ് സംഘടിപ്പിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാർ തുർക്കിയിലെ കാലിഫൈറ്റ് അസ്ഥിരപ്പെടുത്തുകയും സുന്നികളുടെ ആത്മീയ നേതാവായിരുന്ന ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തതിനെതിരെ ലോകമെങ്ങും സുന്നി മുസ്ലീങ്ങളുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ഖിലാഫത്ത് പ്രസ്ഥാനം അതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി കോഴിക്കോടു വന്നാണ് മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങാൻ ആവശ്യപ്പെടുന്നത്.  

കലാപത്തിൽ നിരവധി സവർണ്ണ ഹിന്ദുക്കൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പൂക്കോട്ടൂർ യുദ്ധത്തിലും മറ്റും ബ്രിട്ടീഷ് സേനയെ സഹായിച്ചവർക്കെതിരെ അവരുടെ മതം നോക്കാതെയുള്ള പ്രതികാര നടപടികളാണ് ഉണ്ടായിട്ടുള്ളത്. മഞ്ചേരിയിലെ ചേക്കുട്ടി അധികാരിയുടെ തലയറുത്ത് പൊതുജനമധ്യത്തിൽ വാരിക്കുന്തത്തിൽ കുത്തിനിർത്തിയ സംഭവം ഉദാഹരണമാണ്. ഖിലാഫത്തുകാർ കൊല്ലുമെന്ന് പേടിച്ച് ബ്രിട്ടീഷുകാർക്ക് കത്തെഴുതിയത് ഒരു കൊണ്ടോട്ടി തങ്ങളാണ് എന്നതും കൂട്ടി വായിക്കണം. കലാപത്തിലാവട്ടെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ പോലെയുള്ള ആക്ടിവിസ്റ്റുകളും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം പിന്നീട് ഖിലാഫത്ത് സ്മരണകൾ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. എം പി നാരായണമേനോനെയും മോഴിക്കുന്നത്തെയും പോലെയുള്ളവരും കലാപ നേതൃത്വത്തിലുണ്ടായിരുന്നു.  പറമ്പാട്ട് അച്യുതമേനോൻ ആയിരുന്നു പൊന്നാനിയിലെ മൂന്നംഗ ഖിലാഫത്ത് കമ്മിറ്റിയിലെ ഒരംഗം. കുഞ്ഞഹമ്മദ് ഹാജിയുടെ സൈന്യത്തിലെ പ്രധാന പോരാളി നാരായണന്‍ നമ്പീശന്‍ എന്നയാളായിരുന്നു. ഇതൊക്കെക്കൊണ്ടു തന്നെ പൂർണ്ണമായും മതപരമായ സംഘാടനമായിരുന്നു, കലാപത്തിന് എന്നും പറയാനാവില്ല. 

അതേ സമയം കലാപത്തെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇതിനെ ഹിന്ദു – മുസ്ലീം കലാപമായി ചിത്രീകരിക്കാൻ ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്ന് കാര്യമായ ശ്രമം ഉണ്ടായിട്ടുണ്ട്. തോമസ് ടി എസ് ഹിച്ച്കോൿ എന്ന ബ്രിട്ടീഷ് പൊലീസ് ഓഫീസർ എഴുതിയ മലബാർ റിബല്യൻ എന്ന പുസ്തകത്തിൽ ഇതിനുള്ള ധാരാളം ശ്രമങ്ങൾ കാണാം. മലബാർ കലാപത്തെ കുറിച്ച് കോൺഗ്രസ് നേതാവും മാതൃഭൂമി പത്രാധിപസമിതി അംഗവുമായിരുന്ന കെ മാധവൻ നായർ എഴുതിയ പുസ്തകത്തിലെ പരാമർശങ്ങളാണ് തുവ്വൂർ കിണറ്റിലെ കൊലപാതകത്തെ പരോക്ഷമായെങ്കിലും വാരിയംകുന്നനിൽ കൊണ്ടെ കെട്ടാൻ ഇന്ന് സംഘപരിവാർ ഉപയോഗിക്കുന്നത്. മാധവൻനായർ കേട്ടറിവായാണ് പുസ്തകത്തിൽ സംഭവങ്ങൾ വിവരിക്കുന്നത്. ഇതേ പുസ്തകത്തിൽ പേജ് 245ൽ ഇങ്ങനെയും പറയുന്നു: 

“തുവ്വൂരിലെ കൂട്ടക്കൊലയിൽ കുഞ്ഞഹമ്മദ് ഹാജിക്കും ഒരു പങ്കുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അത് നേരാണെങ്കിൽ തന്നെ തന്റെ ശത്രുക്കളോടും ശത്രുക്കളെന്ന് വിശ്വസിച്ചിരുന്നവരോടും എന്ത് കഠിനക്രിയയും ചെയ്യുവാൻ താൻ ഒരുക്കമായിരുന്നുവെന്നല്ലാതെ തുവ്വൂരിലെ കൊലകൾ ഹിന്ദുക്കളോട് പ്രത്യേകിച്ചുള്ള വൈരത്തിന്റെ ദൃഷ്ടാന്തമായിരുന്നുവെന്ന് പറയാൻ തരമില്ല. ഖാൻ ബഹദൂർ ചേക്കുട്ടിയെ കൊന്നതും ഐദ്രുഹാജിയെ വെടിവച്ചതും കൊണ്ടോട്ടി തങ്ങളോട് എതിർത്തതും മറ്റും ഗവണ്മെന്റ് പക്ഷക്കാരോടുള്ള ശത്രുത്വത്തിന്റെ 

പ്രദർശനമായിട്ടെ കരുതുവാൻ തരമുള്ളൂ.”

ഇനി 201-ാം പുറത്ത് മാധവൻനായർ പറഞ്ഞതു കൂടി നോക്കിയാലോ? 

“ഈ വിചാരണ നടത്തിയത് വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയാണെന്നും ചെമ്പ്രശ്ശേരി തങ്ങളാണെന്നും രണ്ടുവിധത്തിൽ ജനങ്ങൾ പറയുന്നുണ്ട്. അധികം ആളുകളും വിശ്വസിച്ചുവന്നിട്ടുള്ളത് ഈ ക്രിയ ചെമ്പ്രശ്ശേരി തങ്ങളാണ്

നടത്തിയിട്ടുള്ളതെന്നാണ്. തങ്ങളാണെങ്കിൽ തന്നെ അത് ലഹളത്തലവനായി പ്രസിദ്ധി നേടിയിട്ടുള്ള കുഞ്ഞിക്കോയ തങ്ങളല്ലെന്നും, അദ്ദേഹത്തിന്റെ വംശത്തിലുള്ള ഒരു ഇമ്പിച്ചിക്കോയ തങ്ങളാണെന്നും തുവ്വൂരിലുള്ള ചില മാപ്പിളമാർ

എന്നോട് പറയുകയുണ്ടായിട്ടുണ്ട്.”

ഇക്കാലത്ത്, ദ ഹിന്ദു ദിനപ്പത്രത്തിന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എഴുതിയ കത്തിൽ ഹിന്ദുക്കളെ ‘ബ്രദറൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. നിർബന്ധിത മതപരിവർത്തനം നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പൂർണ്ണമായും അവാസ്തവമാണെന്നും പൊലീസുമായി ബന്ധമുള്ള ചിലയാളുകൾ മാപ്പിള റിബലുകളെ (അദ്ദേഹം അങ്ങനെയാണ് വിശേഷിപ്പിച്ചത്) വില്ലന്മാരായി ചിത്രീകരിക്കാനാണ് ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നത് എന്നും നിരപരാധികളായ മാപ്പിളമാരെ സൈന്യത്തിനു കൈമാറിയ ചില ഹിന്ദുക്കൾക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കത്തിൽ അദ്ദേഹം പറയുന്നു. ഹിന്ദുക്കൾ പലായനം ചെയ്യുന്നുണ്ടെങ്കിൽ അത് അവരോട് പട്ടാളം ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചതിനാലാണ്. അതേ സമയം തന്റെ അടുക്കലേക്കു വരാൻ തയ്യാറാവുകയാണെങ്കിൽ മതം നോക്കാതെ അവരെ സംരക്ഷിക്കാൻ തയ്യാറാണെന്നും ഈ കത്തിൽ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇടതുപക്ഷ ചരിത്രകാരന്മാരായ കെ കെ എൻ കുറുപ്പോ ഡോ. കെ എൻ പണിക്കരോ പറയുന്നതു മുഖവിലയ്ക്കെടുത്തില്ലെങ്കിൽ പോലും വാരിയംകുന്നത്ത് ഹിന്ദുവിരോധിയായിരുന്നില്ല എന്ന് പ്രമുഖ ചരിത്രകാരനും ഹിന്ദുത്വക്കാർക്കൂ കൂടി സ്വീകാര്യനുമായ എംജിഎസ് നാരായണൻ മനോരമ ചാനലിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടതും പരിഗണിക്കാം. 

മലയാളരാജ്യം എന്ന പേരിലാണ് അദ്ദേഹം രാജ്യം സ്ഥാപിച്ചത്. അൽ ദൗള അഥവാ ദ സ്റ്റേറ്റ് എന്ന് അദ്ദേഹം സ്വന്തം രാജ്യത്തെ വിശേഷിപ്പിച്ചു. മാസങ്ങളോളം 220 സബ് ഡിസ്ട്രിക്റ്റുകൾ കലാപകാരികളുടെ കൈയിലായിരുന്നു. ഈ കാലഘട്ടത്തിൽ നിരവധി പേരെ ഖിലാഫത്ത് കോടതി കൂടി ശിക്ഷിക്കുന്നുണ്ട്. അവയിൽ മൂന്നു വധശിക്ഷകളെങ്കിലും ഹിന്ദു സ്ത്രീകളെ ബലാംത്സംഗംചെയ്ത മുസ്ലീമുകൾക്കെതിരായാണ് നടപ്പാക്കിയത് എന്നു കൂടി ചേർത്തു പറയണം. 

അതേ സമയം മലബാർ കലാപത്തിന്റെ കാലത്ത് നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നത് അവിതർക്കിതമാണ്. കുഞ്ഞഹമ്മദ് ഹാജിയല്ല, അതിനു പിന്നിൽ എന്നേയുള്ളൂ. പല പല മാനങ്ങളുള്ള, പല പല സംഘങ്ങളുള്ള ഒരു ചെറുത്തുനിൽപ്പിൽ ഉണ്ടായിട്ടുള്ള അത്തരം സ്ഖലിതങ്ങളും കൂടി ചേർന്നതാണു ചരിത്രം. അതിനെ കറുപ്പിലും വെളുപ്പിലും മാത്രമായി കാണാനാവില്ല. പരസ്പര ബന്ധിതമായ കുറേ കാര്യകാരണങ്ങളുടെ സംഘാതമല്ല, ചരിത്രം. അതു പലപ്പോഴും പ്രതിപ്രവർത്തിക്കുന്നതും ഒന്നിലേറെ കാര്യകാരണങ്ങളുള്ളതും രൂപപ്പെടുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ നിറം മാറുന്നതും ആണ്. 

സ്വാതന്ത്ര്യസമരകാലത്ത് സമരനേതൃത്വത്തിലുണ്ടായിരുന്ന പല നേതാക്കളും മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചിട്ടുള്ളവരാണ്. ഗാന്ധിജി തന്നെ അതിനുദാഹരണമാണ്. എന്നാൽ അതും കടന്ന് ബാൽ ഗംഗാധർ തിലൿ എന്ന പേര് അറിയാത്തവരുണ്ടാവില്ല. പൂണെയിൽ പ്ലേഗ് നിയന്ത്രണത്തിന് നടപടി സ്വീകരിച്ച, എലികളെ പിടിച്ചു വാലുമുറിച്ചു കൊടുക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച ബ്രിട്ടീഷ് സാനിറ്റേഷൻ ഉദ്യോഗസ്ഥനെ വധിക്കാൻ ചപേക്കർ സഹോദരങ്ങൾക്ക് പ്രേരണ നൽകിയത് തിലകനായിരുന്നു. ഗണപതിയുടെ വാഹനമാണ് എലികളെന്നും എലികളെ കൊല്ലാൻ പറയുന്നത് ഹിന്ദുവിരോധം കൊണ്ടാണെന്നും പ്രചരിപ്പിച്ചാണ് അദ്ദേഹം മഹാരാഷ്ട്രയിൽ ആളെ സംഘടിപ്പിച്ചത്. ഇതേ ലക്ഷ്യത്തോടെ അദ്ദേഹം ആരംഭിച്ചതാണ് ഗണേശോത്സവം. അങ്ങേയറ്റം വർഗീയവാദിയായിരുന്ന അദ്ദേഹം സ്വാതന്ത്ര്യസമര സേനാനി അല്ല എന്നാരും പറയുകയില്ല. എന്നാൽ ഒരു ഏറനാടൻ മാപ്പിളയ്ക്ക് ആ പേരു കിട്ടരുതെന്ന് പലർക്കും നിർബന്ധമാണ്. 

ആട്ടെ, ഇങ്ങനെയുള്ള കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റി ഒരു പടം പിടിക്കുന്നതാണല്ലോ, ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ഈ പടംപിടി സംഘത്തെ ഒന്നുകൂടി അടുത്തു പരിചയപ്പെടുന്നത് നന്നാവും. ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങൾ നടക്കുന്ന സമയത്ത് ശ്രീ അയ്യപ്പൻ എന്ന സിനിമ പ്രഖ്യാപിച്ചു മുങ്ങിയതാണ്, സാക്ഷാൽ ശ്രീമാൻ പൃഥ്വിരാജ് സുകുമാരൻ. അദ്ദേഹത്തെ പിന്നെ തെളിവിൽ കാണുന്നത് ഇപ്പോഴാണ്. മുൻ എസ്എഫ്ഐക്കാരനായ, ഇപ്പോഴും ഇടതുപക്ഷ സഹയാത്രികനെന്നു സ്വയം വിശേഷിപ്പിക്കുന്ന ആഷിഖ് അബുവാണ് പടം അനൗൺസ് ചെയ്തത്. അദ്ദേഹത്തിന്റെ ഒപ്പമുള്ളവരാരാണ്, അവരുടെ ക്രെഡൻഷ്യൽസ് എന്താണ് എന്നുകൂടി നോക്കണം. 

മുൻ ജമാഅത്തെ ഇസ്ലാമി – സോളിഡാരിറ്റിക്കാരായ മുഹ്സിൻ പരാരിയാണ് ചിത്രത്തിന്റെ സഹസംവിധായകൻ. തിരക്കഥ എഴുതുന്നതാകട്ടെ, നവാഗതനായ റമീസ് മുഹമ്മദും. ഐസിസിനെ പരസ്യമായ ന്യായീകരിച്ച, അവരെ പുകഴ്ത്തുന്ന ലേഖനങ്ങൾ മലയാളത്തിലേക്കു തർജ്ജമ ചെയ്ത, ഐസിസിനെ എതിർക്കുന്ന കേരള മുസ്ലീങ്ങൾ ബദർ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രവാചകനായ മുഹമ്മദിനെ തീവ്രവാദിയായി ചിത്രികരിച്ചേനെ എന്ന സർക്കാസം പുറപ്പെടുവിച്ച, അതിനുംമുമ്പ് താലിബാനെ ഓൺലൈനിൽ വെളുപ്പിച്ചെടുക്കാൻ അഹോരാത്രം പണിപ്പെട്ട മാന്യദേഹമാണ്, ഈ റമീസ് മുഹമ്മദ്. ഇദ്ദേഹം ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കാൻ സിനിമയും ഉപയോഗിക്കണം എന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ആളാണ്. 

ഇവരുടെ രണ്ടുപേരുടെയും സാന്നിദ്ധ്യം ഈ ചിത്രത്തിൽ എങ്ങനെ പ്രസക്തമാകുന്നു എന്നല്ലേ ചോദ്യം. അതിന് മുഹ്സിൻ പരാരിയും ഷറഫ് സുഹാസും ചേർന്നു തിരക്കഥ എഴുതിയ വൈറസ് എന്ന ചിത്രം പരിശോധിക്കണം. നിപ്പ വൈറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതും തുടർന്ന് കേരളത്തിന്റെ ആരോഗ്യരംഗം അതിനോടു പൊരുതിയതുമാണല്ലോ, ആ ചിത്രത്തിന്റെ ഇതിവൃത്തം. അതിൽ ആരോഗ്യമന്ത്രിയുടെ റോൾ കേവലം നിസ്സഹായ ആയ സ്പെക്ടേറ്ററിന്റേതാക്കി ഒതുക്കിക്കളയുകയാണ്, ഇവർ ചെയ്തത്. ആ പ്രതിരോധത്തിലെ രാഷ്ട്രീയമായ ഘടകത്തെ, കേരളത്തിന്റെ വെൽ‌ഫെയർ സ്റ്റേയ്റ്റ് എന്ന നിലയേയും അതിലേക്ക് നയിക്കുന്ന രാഷ്ട്രീയത്തെയും, കാണാൻ പോയിട്ട് അടിസ്ഥാനപരമായ പൊളിറ്റിക്കൽ ലീഡർഷിപ്പിന്റെ റോളിനെപ്പോലും കാണാൻ കണ്ണില്ലാതെ പരസ്പരം വൈരുദ്ധ്യാതമകമായി ബന്ധപ്പെട്ടിരിക്കുന്ന എലമെന്റുകളെ ക്രോണോളജിക്കൽ സീക്വൻ‌സിന്റെ മാത്രം അടിസ്ഥാ‍നത്തിൽ ഒന്ന് മറ്റൊന്നിന് കാരണമായതായി, കാണിക്കുന്ന ചരിത്രപരതയുടെ വിരുദ്ധത വൈറസ് എന്ന സിനിമയിൽ ദർശിക്കാം. വ്യക്തികളുടെയും സംഭവങ്ങളുടെയും തുടർച്ചയായി ചരിത്രത്തെ കാണുന്ന കുതിരക്കാഴ്ചയാണ് അതിലുള്ളത്. ആ നറേറ്റീവിന്റെ ബലത്തിലാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ശൈലജ ടീച്ചറെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്ന് ഷൈൻ ചെയ്ത ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് പരിഹസിച്ചത്. അതിനോടൊപ്പം കേന്ദ്ര സംഘത്തിന്റേതായി ഒരു ജിഹാദിസ്റ്റ് ബയോ വെപ്പൺ ആരോപണവും ചിത്രത്തിൽ തുന്നിപ്പിടിപ്പിച്ചു. അതായത്, ഒരു സാങ്കല്പിക ഇസ്ലാമോഫോബിയയുടെ അംശം. ഇതേ സംഘം കുഞ്ഞഹമ്മദ് ഹാജിയെ കാണുക ഏതുവെളിച്ചത്തിലാവും എന്ന സംശയം സ്വാഭാവികമല്ലേ? 

സാമൂഹ്യ നിരീക്ഷകനായ ദീപൿ ശങ്കരനാരായണൻ എഴുതിയതു കൂടി വായിക്കാം. 

എക്സ്പീരിയൻസ് കൺസംഷൻ (അനുഭവ ഉപഭോഗം) അതിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും കുറഞ്ഞ കാലമായിരിക്കണം ഇത്. ക്യാപിറ്റൽ സർക്കുലേഷൻ നിശ്ചലമാണ്. നാടൻ പാട്ടുസംഘങ്ങൾ മുതൽ ഹോളിവുഡ് വരെ നീളുന്ന പോലുലർ സാംസ്കാരികോല്പന്നങ്ങൾ മുതൽ ചില്ലറക്കാശിന് കഞ്ചാവ്‌കിട്ടുന്ന ഹംപിയിലെ ഹിപ്പി ഐലൻഡിൽ തുടങ്ങി ഫുക്കറ്റിലെ ഉപദ്വീപുകളിലൂടെ പാരീസ്, ഫിജി, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സ് തുടങ്ങിയ എലീറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ വരെ‌ നീളുന്ന എക്സ്പീരിയൻസ് ഉപഭോഗം ഏതാണ്ട് പൂർണ്ണമായും നിശ്ചലമാണ്. തൽക്കാലം നിശ്ചലമാണ് എന്നതല്ല, ഭാവിയിൽ ഒരു പക്ഷേ ഒരിക്കലും പഴയപോലെയാവാൻ തന്നെ സാദ്ധ്യതയില്ലാത്തവിധം മനുഷ്യരുടെ പ്രയോറിറ്റികൾ കോവിഡ് മാറ്റിക്കളയും എന്നാണ് പ്രവചിക്കപ്പെടുന്നത്.‌

തൽക്കാലത്തേക്ക് കച്ചവടം നടക്കാത്തതിലും വലിയ ഫ്യൂച്വർ റിസ്കാണ് Total Available Market (TAM) ചുരുങ്ങുന്നത്. മറ്റ് റിസഷനുകളിലും കൂടുതലായ മാനങ്ങളുള്ള ഒരു സാമൂഹ്യ-സാംസ്കാരിക മനോഭാവ വ്യതിയാനം കോവിഡ് കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. ഒരു പക്ഷേ രണ്ടാം ലോകയുദ്ധം ചെയ്തതുപോലെയോ ഒരു പക്ഷേ അതിലും ഗൗരവതരമായതോ ആയ ഒന്ന്.

ചുരുങ്ങുന്ന, അങ്ങേയറ്റം അനിശ്ചിതമായ, ഉപഭോക്താക്കളെപ്പറ്റി ഒരുറപ്പുമില്ലാത്ത മാർക്കറ്റിലേക്ക് എന്തിനാണ് പണം പമ്പ് ചെയ്യുന്നത്? എന്തൊക്കെ സെനാരിയോകൾ അവിടെ പ്രസക്തമാണ്?

ഒന്ന് കെയ്ൻസിയൻ മോഡലിൽ ക്യാപിറ്റൽ സർക്കുലേഷൻ ഉറപ്പാക്കാനും വർക്ഫോഴ്സിനെ നിലനിർത്താനും വേണ്ടി വലതുപക്ഷസ്റ്റേയ്റ്റുകളും മനുഷ്യരുടെ നിലനില്പ് ഉറപ്പിക്കാനായി വെൽഫെയർ സ്റ്റേയ്റ്റുകളും മനുഷ്യരുടെ ആത്മാഭിമാനവും അന്തസ്സും അവകാശങ്ങളും കഴിവത് നിലനിർത്താനായി ഇടതുപക്ഷ സർക്കാരുകളും നടത്തുന്ന സ്റ്റേയ്റ്റ് ഇൻവെസ്റ്റ്മെന്റ്.

രണ്ട് 2008ലെ റിസഷനിൽ ചൈന നടത്തിയപോലെയുള്ള ഇൻവെസ്റ്റ്മെന്റ്. അവരുടെ അതിഭീമമായ ഇൻവെസ്റ്റ്മെന്റിന്റെ ബലത്തിലാണ് ആ റിസഷൻ ക്യാപിറ്റലിസം മാനേയ്ജ് ചെയ്തതെന്നും അതിൽനിന്ന് പുറത്തുകടന്നു എന്ന തോന്നൽ ഉണ്ടാക്കിയതെന്നും വാദമുണ്ട്. പണമില്ലാതെ നട്ടം തിരിയുന്ന, എന്നാൽ എല്ലാക്കാലത്തേക്കും ആവശ്യമുള്ള, സെഗ്മെന്റുകളിൽ ചുളുവിലക്ക് ചൈന വ്യാപകമായി നിക്ഷേപം നടത്തി. ലോകത്തിന്റെ ക്യാപിറ്റൽ സർക്കുലേഷൻ ഉറപ്പാക്കിയില്ലെങ്കിൽ തങ്ങളുടെ മാർക്കറ്റിന്റെ കാര്യം തീരുമാനമാവുമെന്ന് അറിയാവുന്നതുകൊണ്ടും അതിനുള്ള രാഷ്ട്രീയസംവിധാനം ഉള്ളതുകൊണ്ടും അവർക്കത് കഴിയും.

മൂന്നാമത്തേത് ഓരോ ക്രൈസിസും തുറക്കുന്ന സാദ്ധ്യതകളിൽ നിക്ഷേപിക്കുക എന്നതാണ്. നിലവിലെ അവസ്ഥയിൽ, ഉദാഹരണമായി, കോവിഡ് മെഡിക്കൽ കെയർ, വാക്സിൻ തുടങ്ങിയവ.

ചുരുക്കിപ്പറഞ്ഞാൽ എക്സ്പീരിയൻസ് പ്രോഡക്റ്റുകൾക്ക് അടുത്ത കാലത്തേക്കൊന്നും വമ്പൻ മാർക്കറ്റുകളില്ല.

പക്ഷേ നാലാമതൊരു സാദ്ധ്യതയുണ്ട്, നിലവിലെ രാഷ്ട്രീയത്തിൽ നിക്ഷേപിക്കുക.

ആ സാദ്ധ്യതയിൽ ഒരു സാദ്ധ്യതയുണ്ട്!

അതിജീവിക്കും എന്നതുതന്നെ കേരളത്തിലിരിക്കുമ്പോൾ മാത്രം തോന്നുന്ന ഉറപ്പാണ്, അതിന്റെ കാരണം തന്നെ ക്യാപിറ്റൽ സർക്കുലേഷനെ കേന്ദ്രത്തിൽ നിർത്താതെ മനുഷ്യനെ നിർത്തുന്നതാണ് ബാക്കി ലോകത്തെവിടെയും മനുഷ്യർക്ക് ആരൊക്കെ ബാക്കിയാവും എന്തായിരിക്കും ബാക്കിയാവുന്നവരുടെ ഭാവി എന്നതിൽ ഒരുറപ്പുമില്ല, കാര്യങ്ങൾ മനസ്സിലാക്കുന്നവർക്ക് വലിയ പ്രതീക്ഷക്ക് വകയുമില്ല. മനുഷ്യർ ഒരു ശുഭാപ്തിവിശ്വാസത്തിന്റെ പുറത്ത് അങ്ങ് ജീവിച്ചുപോകുന്നു എന്നേയുള്ളൂ.

മൂലധനത്തിന് പകരം മനുഷ്യനെ കേന്ദ്രത്തിൽ നിർത്തുന്നതിന്റെ, എന്ത് നഷ്ടം വന്നാലും ആദ്യം ജീവനും പിന്നെ അന്തസ്സും സംരക്ഷിക്കാൻ ശ്രമിക്കുന്ന എന്ന നയത്തിന്റെ, ആദ്യത്തെ നടപടികളിലൊന്നാണ് ഫിസിക്കൽ സാമൂഹികതയുടെ അവസരങ്ങൾ പരമാവധി കുറക്കുക എന്നത്. എല്ലാവർക്കും രോഗം വന്ന് ചാകാത്തവർ അതിജീവിക്കട്ടെ എന്ന നിലപാടല്ല കേരളത്തിന്റേത് എന്നതിനാൽ ഹെർഡ് ഇമ്മ്യൂണിറ്റി എന്ന സാദ്ധ്യതയുമില്ല. അതായത് ഇന്ത്യയിൽ മറ്റ് ഭാഗങ്ങളിൽ കോവിഡ് കൊണ്ടുപോകാനുള്ളവരെയൊക്കെ കൊണ്ടുപോയി ബാക്കിയുള്ളവരുടെ സമൂഹം ഒരു തരം ദുരന്താനന്തര ബാലൻസ് വീണ്ടെടുത്താൽത്തന്നെ കേരളം ഇതുപോലെത്തന്നെ തുടരേണ്ടിവരും.

ഇപ്പോഴത്തെ നിലക്ക് ജനുവരി വരെയെങ്കിലും – അപ്പോഴേക്കും വാക്സിൻ നിലവിൽ വരികയോ സ്വാഭാവികമായ എന്തെങ്കിലും കാരണങ്ങളാൽ കോവിഡ് വൈറസ് ദുർബലമാവുകയോ ചെയ്യും എന്ന് കണക്കാക്കിയാൽ – കേരളത്തിൽ സിനിമാ തിയേറ്ററുകൾ തുറക്കാനോ വലിയ ആൾക്കൂട്ടങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഷൂട്ടിങിന് അനുവാദം കിട്ടാനോ ഒരു സാദ്ധ്യതയുമില്ല, നൽകാനും പാടില്ല. നിലവിൽ നിർമ്മിച്ചതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ സിനിമകൾക്കുപോലും ഒരു സാദ്ധ്യതയുമില്ല നിലവിലോ ഇപ്പോഴത്തെ നിലവെച്ച് ഭാവിയിൽപ്പോലുമോ. അമ്പതോ നൂറോ കോടി എന്ന ഒരു ഹോളിവുഡ് ബജറ്റിന്റെ നാലിലൊന്ന് വരുന്ന ഭീമമായ തുക ഇൻവെസ്റ്റ് ചെയ്ത് തിരിച്ചെടുക്കാവുന്ന വലുപ്പം ഓൺലൈൻ-സാറ്റലൈറ്റ് മാർക്കറ്റിനുണ്ടെന്ന് കരുതാൻ വയ്യ.

പക്ഷേ….

കൊറോണ പോയാലും പോയില്ലെങ്കിലും മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് വരും.

ഇപ്പോഴത്തെ നിലക്ക് കേരളത്തിന്റെ ചരിതത്തിൽ വർഗ്ഗീയ എലമെന്റുകൾക്ക് ഏറ്റവും കുറവ് പ്രസക്തിയുണ്ടാവാൻ പോകുന്ന തെരഞ്ഞെടുപ്പായിരിക്കും അത്. അതിജീവനത്തെയും അതിന് തുരങ്കം വെച്ചവരും എന്ന രണ്ട് വിഭാഗങ്ങളായിരിക്കും അതിൽ.

അതിനിടയിലേക്കാണ് ഒരു രോഗാണുവിന്റെ രണ്ട് മാസമോ മറ്റോ നീണ്ട പ്രതിരോധത്തെ – അതിന്റെ കുറച്ചുകാണുകയല്ല – സ്കെയിലിൽ കാണുന്നതിൽ പരാജയപ്പെട്ട, അതിനിടക്കുകൂടി വർഗ്ഗീയത തിരുകിയ, അണിയറപ്രവർത്തകർ ഭീമമായ സ്കെയിലിൽ ഡയലക്റ്റിക്സ് ആവശ്യമുള്ള ഒരു ചരിത്രവിഷയത്തിന്റെ മേൽ കൈവെക്കുന്നത്.

അവരതിൽ നിന്ന് ഏത് ബൈനറി വേർതിരിച്ചാലും, മറ്റേ ബൈനറി സൃഷ്ടിക്കാൻ പോകുന്നത് പോളറൈസേഷനാണ്. സ്കെയിൽ എത്ര ചെറുതോ ആവട്ടെ. ചിലപ്പോൾ അങ്ങനെയൊരു സിനിമ തന്നെ ഒരിക്കലും ഉണ്ടായില്ലെന്നുവരാം, നിലവിലെ സാമ്പത്തിക-സാമൂഹിക അവസ്ഥയിൽ. പക്ഷേ പോളറൈസേഷൻ രണ്ടുകൂട്ടർക്കും ലാഭക്കച്ചവടമാണ്, അപ്പുറത്തെ കോക്കാച്ചിയെ കാട്ടി പേടിപ്പിച്ചാണ് രണ്ടുപേരും ഇപ്പുറത്തുള്ളവരെ തങ്ങളുടെ കൂടെ കൂട്ടുന്നത്. അതത്ര നിഷ്കളങ്കമെന്ന് വിശ്വസിക്കാനുള്ള നിഷ്കളങ്കത എനിക്കില്ല എന്ന് ദീപൿ പറഞ്ഞു നിർത്തുന്നു. 

ഇനി തലക്കെട്ടിലേക്കു വരാം. മലയാളം ബ്ലോഗിന്റെ പുഷ്കാലകാലം മുതൽ സോഷ്യൽ മീഡിയയിൽ പരിചിതമായ പ്രയോഗമാണ് ജബ്ര. ഇസ്ലാമിന്റെ കടുത്ത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാഷിനെയാണ് സുഡാപ്പികൾ ജബ്ര എന്നു കളിയാക്കി വിളിക്കുന്നത്. അയ്യനെ തൊഴാൻ പോകുന്നോരൊക്കെ അയ്യപ്പനാകുന്നതുപോലെ ജബ്ബാർ മാഷിന്റെ വാദങ്ങൾ പിന്തുടരുന്നവരെയും ഇവർ ജബ്രകളെന്നാണ് വിളിക്കാറ്. അത്തരമൊരു ജബ്രയുടെ വാദങ്ങളാണ് ഇന്നിപ്പോൾ കുഞ്ഞഹമ്മദ് ഹാജിയെ പൊളിക്കാൻ ഹിന്ദുത്വക്കാർ കൂട്ടുപിടിച്ചിരിക്കുന്നത്. ഫ്രീ തിങ്കർ എന്നു സ്വയം വിശേഷിപ്പിക്കുന്ന യുക്തിവാദിയായ ഡോ. മനോജ് ബ്രൈറ്റ് എന്ന ഡെന്റിസ്റ്റിന്റെ ഫേസ്ബുക്ക് കുറിപ്പുകളാണ് ഇതിനാധാരം. നേരത്തെ പറഞ്ഞ ഹിച്ച്കോക്കിന്റെ പുസ്തകത്തിൽ നിന്ന് ക്വോട്ട് ചെയ്തുകൊണ്ടാണ് മലബാർ കലാപത്തെ കുറിച്ച് മനോജ് ബ്രൈറ്റ് അതിനെ ഹിന്ദുവിരുദ്ധ കലാപമാക്കി എഴുതിക്കൊണ്ടിരിക്കുന്നത്. മനോജിന്റെ ഈ കുറിപ്പുകൾക്കൊപ്പം തന്നെ സാക്ഷാൽ ജബ്ബാർ മാഷിന്റെ ഇസ്ലാം വിമർശനങ്ങളും വ്യാപകമായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്നു. ഇതിന്റെ അപകടം പക്ഷെ സംഘപരിവാർ മനസ്സിലാക്കുന്നില്ല. കേവലം യുദ്ധക്കൊതിയന്മാരായ കാട്ടറബികളായിരുന്നു അവർ എന്ന നരേറ്റീവ് വച്ച് ഇസ്ലാം എന്ന മതത്തിന്റെ ഫിലോസഫിയെ പൊളിച്ചുകളയാമെന്നാണ് ഇവർ ധരിച്ചുവച്ചിരിക്കുന്നത്. യുക്തിഭദ്രമായ പല ചോദ്യങ്ങളും ജബ്ബാർ മാഷ് ചോദിക്കുന്നുണ്ട്. അത് എത്രയോ കാലങ്ങളായി അദ്ദേഹം ചെയ്തു പോന്നതാണ്. ആന്റി റിലീജിയസ് ആയ ഈ പ്രസംഗങ്ങളും മറ്റും ഇസ്ലാം വിരോധികളുടെ ഉപയോഗത്തിലേക്ക് വരുന്നത് ഇപ്പോഴാണെന്നു മാത്രം. എന്നാൽ ഇതിന്റെ അപകടം എന്താണ്? സ്വന്തം മതത്തെ യുക്തിഭദ്രമായി വിലയിരുത്തുന്ന ഒരാളുടെ വീഡിയോകളാണല്ലോ അവ. മുസ്ലീം വിരോധം നിമിത്തം അതു പങ്കുവയ്ക്കുന്നവർ ഒരുവേള വൈകിയെങ്കിലും സ്വന്തം മതത്തിലേക്കും അതിലെ ശരിതെറ്റുകളിലേക്കും കണ്ണുപായിച്ചാൽ എന്താവും സംഭവിക്കുക? അത് മതത്തെയാകുമോ അതിനെ വരിഞ്ഞുമുറുകാൻ ശ്രമിക്കുന്ന സംഘപരിവാറിനെ ആവുമോ ദോഷകരമായി ബാധിക്കുക? രണ്ടാമത്തേതിനാണ്, സാധ്യത കൂടുതൽ കാണുന്നത്.

Related post