• December 3, 2021

ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു

 ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു

ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ പാലോട് പൂന്തറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

1946 ല്‍ ആലപ്പുഴ ജില്ലയിലെ മുതുകുളത്തായിരുന്നു ജനനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല മാലിക. റാഗിങ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് ചുവട് വെച്ച താരം പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ സ്ഥിര സാന്നിധ്യമാകുകയായിരുന്നു. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വിന്റ്‌സെന്റ്, അടൂര്‍ഭാസി, പ്രേംനസ്സീര്‍ എന്നിവരുടെ കൂടെ അഭിനയിച്ചിരുന്നു. നദിയെ തേടി വന്ന കടല്‍ എന്ന ചിത്രത്തില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലും സജീവമായിരുന്നു ജമീല. ദുരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത സാഗരിക, കയര്‍, മനുഷ്യ ബന്ധങ്ങള്‍എന്നീ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ആകാശവാണിയ്ക്ക് വേണ്ടി നിരവധി നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. 1983ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. അന്‍സര്‍ മാലിക് ആണ് മകന്‍.

Related post