• October 26, 2021

വിക്ടോറിയ വെള്ളച്ചാട്ടം വരള്‍ച്ചയുടെ വക്കില്‍

 വിക്ടോറിയ വെള്ളച്ചാട്ടം വരള്‍ച്ചയുടെ വക്കില്‍

ദക്ഷിണാഫ്രിക്കയിലെ വര്‍ള്‍ച്ച മൂലം ലോകത്തിലെ എറ്റവും വലിയ വെളളച്ചാട്ടമായ വിക്ടോറിയ വറ്റിവരളുന്നു.
‘മോസി ഓ തുനിയ’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ വെളളച്ചാട്ടം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ലോകാത്ഭുതങ്ങളില്‍ ഒന്നാണ്.

1855 ല്‍ വിക്ടോറിയ രാജ്ഞിയോടുളള ബഹുമാന സൂചകമായാണ് വെളളച്ചാട്ടത്തിന് വിക്ടോറിയ എന്ന പേര് നല്‍കിയത്. തെക്കന്‍ ആഫ്രിക്കയിലെ സാംബിയ, സിംബാവെ അതിര്‍ത്തിയിലുളള സാംബെസി നദിക്കരയിലാണ് വിക്ടോറിയ സ്ഥിതി ചെയ്യുന്നത്.

വിക്ടോറിയ വെള്ളച്ചാട്ടത്തിന് 1,708 മീറ്റര്‍ നീളവും 108 മീറ്റര്‍ ഉയരവും ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഈ കണക്കുകള്‍ പഴങ്കഥയാവുകയാണ്. സാംബെസി റിവര്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 1995ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജലനിരപ്പാണിപ്പോഴുള്ളത്. വരണ്ട കാലാവസ്ഥയില്‍ പൊതുവെ ജലനിരപ്പ് കുറയാറുണ്ടെങ്കിലും ഈ വര്‍ഷം ജലനിരപ്പില്‍ അഭൂതപൂര്‍വമായ കുറവുണ്ടായതായി അധികൃതര്‍ പറഞ്ഞു. 25 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് അനുഭവപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിക്ടോറിയയുടെ നാശത്തിന് കാലാവസ്ഥാവ്യതിയാനം കാരണമാകുമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതാണ് ഈ സംഭവം.

പതിറ്റാണ്ടുകളായുള്ള ജലത്തിന്റെ ശരാശരി അളവിലും ഏറെ താഴെയാണ് ഇപ്പോള്‍ സാംബെസിയിലെ വെള്ളത്തിന്റെ അളവെന്ന് ഗവേഷകര്‍ പറയുന്നു. സമീപകാലത്ത് ആഫ്രിക്കയിലെ വരള്‍ച്ച ഇത്രത്തോളം രൂക്ഷമാകുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ ഇത് കാലാവസ്ഥാവ്യതിയാനം മൂലമാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ചില ഗവേഷകരുടെ നിലപാട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായാല്‍ കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഈ പ്രതിഭാസങ്ങള്‍ക്കു പിന്നിലെന്ന് ഉറപ്പിക്കാമെന്നും ഹൈഡ്രോളജിസ്റ്റായ ഹെറാള്‍ഡ് ക്ലിങ് പറയുന്നു.

വിക്ടോറിയ വെള്ളച്ചാട്ടം വരണ്ടുപോകുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാംബിയന്‍ പ്രസിഡന്റ് എഡ്ഗര്‍ ലുങ്കു പറയുന്നു. മനുഷ്യര്‍ പരിസ്ഥിതിയോടു ചെയ്ത ക്രൂരതയ്ക്ക് പ്രകൃതി നല്‍കുന്ന തിരിച്ചടിയുടെ ഉദാഹരണമാണ് വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ഈ അവസ്ഥയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

കാലാവസ്ഥാ വ്യതിയാനമാണ് ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ മണ്‍സൂണ്‍ വൈകാനും ദുര്‍ബലമാകാനും ഇടയാക്കിയത്. ലഭിച്ച മഴയാകട്ടെ കുറച്ച് സമയത്തിനുള്ളില്‍ കൂടുതല്‍ അളവിലായതിനാല്‍ ഭൂമിക്കാവശ്യമായ ജലം ശേഖരിക്കാന്‍ കഴിഞ്ഞില്ല. ഇത് വരള്‍ച്ച രൂക്ഷമകാന്‍ കാരണമായി എന്നതാണ് ഇന്റര്‍നാഷണല്‍ ക്രെയിന്‍ ഫൗണ്ടേഷന്‍ തലവനായ റിച്ചാര്‍ഡ് ബെയില്‍ ഫ്യൂസിന്റെ നിരീക്ഷണം.

Related post