• October 22, 2021

കൊറോണയെ അകറ്റാന്‍ ഗോമൂത്രം; കുടിച്ചയാള്‍ക്ക് ദേഹാസ്വാസ്ഥ്യം, നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

 കൊറോണയെ അകറ്റാന്‍ ഗോമൂത്രം; കുടിച്ചയാള്‍ക്ക് ദേഹാസ്വാസ്ഥ്യം, നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ വെസ്റ്റ് ബംഗാളില്‍ ഗോമൂത്ര പാര്‍ട്ടി നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍. പാര്‍ട്ടിയില്‍ ഗോമൂത്രം കുടിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ അസുഖബാധിതനായതാണ് അറസ്റ്റിന് കാരണം.

നോര്‍ത്ത് കൊല്‍ക്കത്തയിലെ ജൊരസാഖോ മേഖലയിലെ ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജിയെയാണ് പൊലീസ് പിടികൂടിയത്. യൂണിഫോമിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഗോശാലയ്ക്ക് സമീപം ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ബിജെപി നേതാവ് ഗോമൂത്രം നല്‍കുകയായിരുന്നു. പിന്നാലെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഗോമൂത്രം കുടിച്ചാല്‍ പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്ന് പറഞ്ഞാണ് നല്‍കിയത്.

എന്നാല്‍ അറസ്റ്റിന് എതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നു. ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തു, പക്ഷേ ആളുകളെ പറ്റിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ വാദം. ‘ ഗോമൂത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം വിതരണം നടത്തിയത്. അത് ആരോഗ്യത്തിന് ഹാനികരമാണെന്നോ നല്ലതാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഒരു കാര്യവുമില്ലാതെ പൊലീസിന് അദ്ദേഹത്തെ എങ്ങനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും?’. ബിജെപി ജനറല്‍ സെക്രട്ടറി സത്യേന്ദ്ര ബസു ചോദിച്ചു. ഗോമൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും വാദിച്ചു.

Related post