• October 22, 2021

ഭർത്താവിനെ തൂക്കിലേറ്റുംമുൻപ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി

 ഭർത്താവിനെ തൂക്കിലേറ്റുംമുൻപ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി

നിർഭയാകേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഒരാളായ അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ ബിഹാറിലെ ഔറംഗബാദിലെ പ്രാദേശിക കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി.
“എന്റെ ഭർത്താവിനെ മാർച്ച് 20 ന് തൂക്കിലേറ്റും. ശേഷം ഒരു  വിധവയുടെ ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” സിങ്ങിന്റെ ഭാര്യ പുനിത സിംഗ് പറഞ്ഞു. കേസ് നാളെ കോടതി പരിഗണിക്കും.  
“എന്റെ ഭർത്താവ് നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുൻപ് നിയമപരമായി വിവാഹമോചനം നേടാൻ ഞാൻ ആഗ്രഹിക്കുന്നു”  അവർ പറഞ്ഞു.
“എന്റെ കക്ഷിക്ക് (പുനിത) ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുവാനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് ഞാൻ കുടുംബ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (2) (II) പ്രകാരം ബലാത്സംഗം, ലൈംഗികപീഡനം അല്ലെങ്കിൽ മൃഗീയത എന്നീ കുറ്റകൃത്യങ്ങൾ ചെയ്തു എന്ന തെളിയിക്കപ്പെട്ട  ഭർത്താവിൽ നിന്ന് ഒരു സ്ത്രീക്ക് വിവാഹമോചനം ആവശ്യപ്പെടാം,” പുനിതയുടെ അഭിഭാഷകൻ മുകേഷ് കുമാർ സിംഗ് പറഞ്ഞു.
“അതെ, ഭർത്താവ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ സ്ത്രീക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാം,” ദില്ലിയിലെ ടിസ് ഹസാരി കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകൻ  പറഞ്ഞു.
കേസിൽ കുറ്റക്കാരായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ്മ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെ ഇപ്പോൾ തിഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരെ മാർച്ച് 20 ന് തൂക്കിലേറ്റും. 

Related post