• July 28, 2021

എന്താണ് ഡി.എന്‍.എ കംപ്യൂട്ടറുകള്‍?

 എന്താണ് ഡി.എന്‍.എ കംപ്യൂട്ടറുകള്‍?

ഡി.എന്‍.എ തന്മാത്രകള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ഡി.എന്‍.എ കംപ്യൂട്ടറുകള്‍. ‘നാനോ കംപ്യൂട്ടര്‍’ എന്ന വിഭാഗത്തിലാണ് അവ ഉള്‍പ്പെടുന്നത്. ഒരു മീറ്ററിന്റെ നൂറൂ കോടിയില്‍ ഒരംശത്തെയാണ് നാനോ മീറ്റര്‍ എന്നു വിളിക്കുന്നത്. അതുകൊണ്ടുതന്നെ നാനോ കംപ്യൂട്ടറിലെ സര്‍ക്യൂട്ടുകള്‍ വെറും കണ്ണുകള്‍ കൊണ്ടു കാണാന്‍ കഴിയില്ല. അതിന് പ്രത്യേകതരം മൈക്രോസ്‌കോപ്പുകള്‍ വേണ്ടിവരും.

ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, കെമിക്കല്‍, ബയോകെമിക്കല്‍, ക്വാണ്ടം ഇങ്ങനെ പലതരത്തിലുള്ള നാനോ കംപ്യൂട്ടറുകളുണ്ട്. ബയോകെമിക്കല്‍ എന്ന വിഭാഗത്തിലാണ് ഡി.എന്‍.എ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടുന്നത്. ‘മോളിക്യൂലാര്‍ ബയോളജി’ എന്ന ശാസ്ത്രശാഖയും കംപ്യൂട്ടര്‍ സയന്‍സും കൈകോര്‍ത്ത് പിടിക്കുന്ന ഒരു ഗവേഷണ മേഖലയാണിത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രകൃതിയെ അനുകരിക്കാന്‍ മനുഷ്യന്‍ നടത്തുന്ന ശ്രമം.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ശരീരത്തില്‍ പ്രകൃതി ഒരുക്കിയ ‘ഡി.എന്‍.എ നാനോ കംപ്യൂട്ടറുകള്‍’ ഉണ്ട് എന്നതാണ് സത്യം. പക്ഷേ, ഒരു വ്യത്യാസം മാത്രം അവയെ നിയന്ത്രിക്കാന്‍ മനുഷ്യന് സാധിക്കില്ല. അതിനു പകരം ഡി.എന്‍.എ ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ വികസിപ്പിച്ചെടുക്കാനാണ് ഇന്ന് ശാസ്ത്രങ്ങളുടെ ശ്രമം. സാധാരണ കംപ്യൂട്ടറിലെ സോഫ്റ്റ്‌വെയറിനു പകരം ഡി.എന്‍.എയും ഹാര്‍ഡ്‌വെയറിനു പകരം എന്‍സൈമുകളുമാണ് ഡി.എന്‍.എ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത്. സാധാരണ കംപ്യൂട്ടറുകളിലെ പോലെ ഡി.എന്‍.എ കംപ്യൂട്ടറിന് ‘ഔട്ട്പുട്ട്’ കാണിച്ചു തരാന്‍ സ്‌ക്രീനൊന്നുമില്ല. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ അത് അപഗ്രഥിച്ച് എടുക്കുകയാണ് ചെയ്യുന്നത്. ധാരാളം ഡാറ്റ നന്നേ ചുരുങ്ങിയ സ്ഥലത്ത് സൂക്ഷിച്ച് വെയ്ക്കാനുള്ള കഴിവ്, പ്രവര്‍ത്തിക്കുന്നതിന്‌റെ വേഗം തുടങ്ങിയവയെല്ലാം ഡി.എന്‍.എ കംപ്യൂട്ടറിന്‌റെ മുഖമുദ്രയാണ്. ആവശ്യമായ ഊര്‍ജ്ജം ഡി.എന്‍.എ തന്മാത്രകളില്‍ നിന്നും ലഭിക്കും എന്നതിനാല്‍, പുറമേ നിന്നുള്ള ഊര്‍ജ്ജം നല്‍കേണ്ട ആവശ്യവും ഇത്തരം കംപ്യൂട്ടറുകള്‍ക്കില്ല.

Related post