• October 16, 2021

അടിയന്തര ചികിത്സവേണ്ട ഹൃദ്രോഗികളെവിടെ?

 അടിയന്തര ചികിത്സവേണ്ട ഹൃദ്രോഗികളെവിടെ?

‘When the doctor’s away, the patient is more likely to survive.’ 2014 – ലെ ഒരു അമേരിക്കൻ വാർത്താവെബ്സൈറ്റിൽ വന്ന റിപ്പോർട്ടിന്റെ തലക്കെട്ടിതായിരുന്നു. അമേരിക്കൻ ജേർണൽ ഓഫ് എമർജൻസി മെഡിസിനിൽ വന്ന ഒരു പഠനറിപ്പോർട്ട് ആയിരുന്നു വാർത്തയ്ക്കാധാരം. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി എന്നീ സംഘടനകളുടെ യോഗങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ രാജ്യത്ത് കുറവാണെന്ന് ഗവേഷണത്തിൽ ഏർപ്പെട്ടിരുന്നവർ കണ്ടെത്തി. കൃത്യമായ കാരണങ്ങൾ കണ്ടെത്തിയില്ലെങ്കിലും ഈ ‘ട്രെൻഡ്’ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.
നമ്മുടെ നാട്ടിലെ സ്ഥിതിയും ഇപ്പോൾ നമ്മെ മാറിചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്. ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തെ ആശുപത്രികളിൽ എത്തുന്ന ഹൃദയാഘാത, അനുബന്ധ കേസുകളിൽ വൻകുറവെന്ന വാർത്ത ശരിയാണെങ്കിൽ ആരോഗ്യരംഗത്തെ നമ്മുടെ കാഴ്ചപ്പാടുകൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. വിവിധ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൃദയസംബന്ധമായ കേസുകളിൽ 30 മുതൽ 70 ശതമാനം വരെ ഇടിവുണ്ടായതായി കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങളും കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഒരു വർഷം 30 ലക്ഷത്തോളം പേർ ഹൃദയാഘാതവും അനുബന്ധ അസുഖങ്ങളുമായി മരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പ്രസക്തങ്ങളാകുന്നത്. “സാധാരണഗതിയിൽ ഒരു ദിവസം ഹൃദ്രോഗലക്ഷണങ്ങളുള്ള നാലോ അഞ്ചോ ആളുകൾ ഞങ്ങളെ കാണാൻ വരാറുണ്ട്. ഇപ്പോൾ ഇത് രണ്ടായി കുറഞ്ഞു,” ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ. അജിത് മുല്ലശ്ശേരി പറയുന്നു. ഹൃദ്രോഗകേസുകളിലെ കുറവിന്റെ കാരണം കണ്ടെത്താൻ വിശദമായ ശാസ്ത്രീയപഠനം നടക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അഭിപ്രായപ്പെട്ടിരുന്നു.
സംഖ്യകളുടെ ഈ ‘വിപരീതസഞ്ചാരം’ ഒരു ആഗോള പ്രതിഭാസമാണ്. ഹൃദയാഘാത ലക്ഷണങ്ങളോടെ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതായി കൺസൾട്ടന്റുകൾ അറിയിച്ചുവെന്നു റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് ആൻഡ്രൂ ഗോഡ്ഡാർഡ് പറയുന്നു.
പ്രഥമദൃഷ്ട്യാ പുതിയമാറ്റം ശുഭോദർക്കമാണെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് ചിലരുടെ വിലയിരുത്തൽ. അത്തരത്തിൽ നോക്കിയാൽ അശോക് കർത്ത എന്ന ഫേസ്ബുക് ഉപയോക്താവിന്റെ കുറിപ്പ് ഭയമുണർത്തുന്നതാണ്.
കുറിപ്പിലെ പ്രസക്തഭാഗങ്ങൾ: “തിരുവനന്തപുരം നഗരത്തിലെ മുപ്പതു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 17 സ്പെഷാലിറ്റി ആശുപത്രികളുണ്ട്. അവയിലെല്ലാം കാർഡിയോളജി വിഭാഗമുണ്ട്. നൂറോളം പ്രഗത്ഭ കാർഡിയോളജിസ്റ്റുകളുണ്ട്. കൊറോണാ അടച്ചിരിപ്പിനു മുൻപുവരെ 200 ആൻജിയോപ്ലാസ്റ്റിയെങ്കിലും ദിവസവും നടന്നിരുന്നു. 70% ബ്ലോക്കുണ്ട്. ഉടനെ ചെയ്യണം അല്ലെങ്കിൽ അപകടമാണ് എന്നൊക്കെ തട്ടിവിട്ടാണ് ആശുപത്രികളും ഡോക്ടർമാരും അത് ചെയ്യിച്ചിരുന്നത്. അപകടം എന്നു പറഞ്ഞാൽ മരണം തന്നെ. മനുഷ്യൻ പേടിക്കാൻ വേറെന്തു വേണം? ഒരു മാസമായി ഇപ്പോൾ ആ മാരണമൊന്നുമില്ലെ? ആൻജിയോപ്ലാസ്റ്റി നടത്താതെ എത്ര പേർ മരിച്ചു. ബൈപ്പാസിനും സ്ൻ്റെൻ്റിടാനും ഷെഡ്യൂൾ ചെയ്ത കേസുകൾ എന്തായി. എല്ലാം അപകടത്തിൽ പെട്ടോ? എന്തിനും ഡാറ്റാവച്ച് കണക്കിടുന്ന ഡോക്ടർമാർ ഹൃദ്രോഗത്തിൻ്റെ ഇങ്ങനെയൊരു കണക്ക് പുറത്തുവിടണം. അവർ പേടിപ്പിച്ചിരുന്നതുപോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ അത്തരം രോഗികളിൽ ഭൂരിഭാഗവും ഇന്നു കാണില്ല.”
കോവിഡ് യുദ്ധത്തിൽ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം സ്തുത്യർഹമാണ്. എന്നാൽ ഏതുമേഖലയിലും എന്നപോലെ ആരോഗ്യരംഗത്തും ദുഷ്പ്രവണതകളുണ്ട്. ഇതിനു ചികിത്സ ആവശ്യമാണ്. ഡോക്ടർമാർക്ക് സൈറ്റ് സീയിങ്, നക്ഷത്രഹോട്ടൽ താമസം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽനിന്നും മരുന്നുനിർമ്മാണ കമ്പനികളെ വിലക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം വന്നത് ജനുവരിയിലാണ്. തങ്ങളുടെ മരുന്നുകളുടെ വിപണിമൂല്യം അധാർമികപ്രവർത്തനങ്ങൾ വഴി വർദ്ധിപ്പിക്കാൻ ശ്രമിക്കരുതെന്നു താക്കീതും ചെയ്തിരുന്നു.
ഫേസ്ബുക് ലേഖകന്റെ സംശയങ്ങളോട് ബന്ധപ്പെട്ടവർക്ക് യോജിക്കാം, വിയോജിക്കാം; എന്നാൽ നിശ്ചയമായും ഒഴിഞ്ഞുമാറാനാകില്ല. അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.

Related post