• November 30, 2021

എവറസ്‌റ് കീഴടക്കിയ ആദ്യ മനുഷ്യന്‍ ടെന്‍സിംങോ , ഹിലാരിയോ അല്ല ..!

 എവറസ്‌റ് കീഴടക്കിയ ആദ്യ മനുഷ്യന്‍ ടെന്‍സിംങോ , ഹിലാരിയോ   അല്ല ..!

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി , 8848 മീറ്റര്‍ ഉയരമുള്ള എവറസ്‌റ്റ് , ആദ്യമായി കാല്‍ക്കീഴിലാക്കിയ മനുഷ്യന്‍ ന്യൂസിലാൻഡ് കാരനായ എഡ്മണ്ട് ഹിലാരിയും നേപ്പാളുകാരനായ ടെന്‍സിങ് നോര്‍ഗെ എന്ന ഷെര്‍പ്പയുമാണ് എന്ന വിശ്വാസം 60 വര്‍ഷങ്ങള്‍ക്കിപ്പുറം ചോദ്യം ചെയ്യപ്പെടുകയാണ് . എവറസ്റ്റിന്റെ നെറുകയില്‍ ആദ്യം കാല്‍ പതിച്ചത് ടെന്‍സിങാണോ , ഹിലാരിയാണോ എന്ന ചോദ്യം വളരെ പ്രശസ്തമാണ് .2008 ല്‍ തന്റെ മരണം വരെ ആ ചോദ്യത്തിന് ചെറു ചിരിയില്‍ കവിഞ്ഞ ഒരു ഉത്തരം ഹിലാരി നല്‍കിയതായി അറിവില്ല .( ടെന്‍സിങ് അതിനും 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1986 മെയ് 9 ന് മരണപ്പെട്ടിരുന്നു ). പക്ഷെ ആ ആദ്യ മനുഷ്യന്‍, ഒരുപക്ഷെ ഹിലാരിയോ ,ടെന്‍സിംഗോ ആയിരിക്കില്ല. അവര്‍ക്കും 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവറസ്റ്റിന്റെ നെറുകയില്‍ മറ്റൊരാളുടെ (ചിലപ്പോള്‍ 2 പേരുടെ ) കാല്പാടുകള്‍ പതിഞ്ഞിരിക്കാം എന്നാണ് പുതിയ ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത് .

എഡ്മണ്ട് ഹിലാരിയും , ടെന്‍സിങ് നോര്‍ഗയും (ഫയൽ ചിത്രം )

ആരായിരുന്നു ആ പര്‍വ്വതാരോഹകന്‍

1959 മെയ് 29 നാണ് ഹിലാരിയും , ടെന്‍സിങും 29,035 അടി ഉയരത്തില്‍ എവറസ്റ്റിന്റെ ഉച്ചിയില്‍ കാല്‍ പതിച്ചത് .1999 വരെ 40 വര്‍ഷക്കാലം ആ നേട്ടം സംശയങ്ങള്‍ക്ക് അതീതമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1999 മെയ് 1 ന് എവറസ്റ്റില്‍ നിന്നും ജോര്‍ജ് മാലറി എന്ന പര്‍വ്വതാരോഹകന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ . 8157 മീറ്റര്‍ ഉയരത്തിലായിരുന്നു അപ്പോഴും വലിയ കേടുപാടുകള്‍ കൂടാതെ ഐസില്‍ മരവിച്ചു പോയിരുന്ന ആ ശരീരം. അതും
എവറസ്റ്റിന്റെ നെറുകയില്‍ നിന്ന് വെറും 691 മീറ്റര്‍ താഴെ .

ജോര്‍ജ് മാലറിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന മൃതദേഹം

അദ്ദേഹത്തിന്റെ സഹ പര്‍വ്വതാരോഹകനും സുഹൃത്തുമായ ഇര്‍വിന്റെ മഞ്ഞു കോടാലി (Snow axe ) 8461.25 മീറ്റര്‍ ഉയരത്തില്‍ അപ്പോഴും തറഞ്ഞിരിക്കുന്നുണ്ടായിരുന്നു. എവറസ്റ്റിന്റെ ശിഖരത്തില്‍ നിന്നും വെറും 387 മീറ്റര്‍ താഴെ .(ഇര്‍വിന്റെ മൃതശരീരം ഇനിയും കണ്ടെത്തിയിട്ടില്ല.) മരിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്( ഒരു പക്ഷെ മനുഷ്യന്‍ ആദ്യമായി എവറസ്‌റ്റ് കീഴടക്കി 75 വര്‍ഷങ്ങള്‍ക്ക് ശേഷം ) ജോര്‍ജ് മാലറി എന്ന ആ ഇംഗ്ലീഷ് പര്‍വ്വതാരോഹകന്റെ ശരീരം പുറം ലോകം കാണുന്നത് . 1924 ല്‍ തന്റെ 37ാം വയസ്സിലാണ് തന്റെ ജീവിതത്തിലെ എക്കാലത്തെയും സ്വപ്നമായ എവറസ്‌റ്റ് കാല്‍ക്കീഴിലാക്കാന്‍ മാലറി 3-ാം വട്ടം ഇറങ്ങി തിരിക്കുന്നത് . (അതിനു മുന്‍പ് 2 വട്ടവും മുക്കാല്‍ ഭാഗത്തോളം കയറി മോശം കാലാവസ്ഥ മൂലം മാലറിയും സംഘവും തിരിച്ചിറങ്ങുകയായിരുന്നു .)

ജൂണ്‍ 8 ന് (1924) ജോര്‍ജ് മാലറിയെയും ,ആന്‍ഡ്രൂ സാന്‍ഡി ഇര്‍വിനെയും സഹപര്‍വ്വതാരോഹകന്‍ അവസാനമായി കാണുമ്പോള്‍ അവര്‍ ആകാശത്തിനു തൊട്ടു താഴെ എവറസ്‌റ്റ് കൊടുമുടിയില്‍ നിന്നും വെറും 245 മീറ്റര്‍ മാത്രം അകലെ ആയിരുന്നു.പക്ഷെ പിന്നീട് ജോര്‍ജ് മാലറിയെ ലോകം കാണുന്നത് 75 വര്‍ഷങ്ങള്‍ക്കിപ്പുറം മഞ്ഞില്‍ പുതഞ്ഞ ചേതനയറ്റ ശരീരമായിട്ടായിരുന്നു .

ജോര്‍ജ് മാലറി ആയിരുന്നോ ”ആ ആദ്യ മനുഷ്യന്‍ ” എവറസ്റ്റിന്റെ നെറുകയില്‍ കാല്‍ പതിപ്പിച്ചു തിരിച്ചിറക്കത്തിലായിരുന്നോ മരണത്തിലേക്കുള്ള ആ വീഴ്ച ?
അതോ ലക്ഷ്യത്തിലേക്കുള്ള കയറ്റത്തിലോ ? ശരീരത്തിന്റെ കിടപ്പും ,Axe ന്റെ ഉയരവും മറ്റും കണക്കിലെടുത്ത് വിദഗ്ധരില്‍ ഭൂരിപക്ഷം പറയുന്നത് ” അതൊരു തിരിച്ചിറക്കമായിരുന്നു എന്നാണ് ”. പക്ഷെ ഉറപ്പിക്കാന്‍ മറ്റൊരു തെളിവില്ല.

മാലറിയെ കുറിച്ച് ഹിലാരി പറഞ്ഞതെന്താണ് ?

‘കീഴടക്കി മരിക്കലല്ല ,കീഴടക്കി തിരിച്ചു വരലാണ് ചരിത്രം .അതുകൊണ്ട് മാലറി എവറസ്‌റ് കീഴടക്കിയിരുന്നെങ്കിലും ,ഇല്ലെങ്കിലും , എവറസ്‌റ് കീഴടക്കി തിരിച്ചു വന്ന” ആദ്യ മനുഷ്യർ” അത് ഞാനും ,ടെന്‍സിംഗും തന്നെയാണ് !

ജോര്‍ജ് മാലറി (ഫയൽ ചിത്രം )

എവറസ്‌ററ് ആരോഹണത്തിനു മുന്നേ ” ന്യൂ യോര്‍ക്ക് ടൈംസ് ”ന് മാലറി നല്‍കിയ അഭിമുഖത്തില്‍ ചോദ്യവും ഉത്തരവും പ്രസിദ്ധമാണ് .
‘താങ്കള്‍ എന്തിനാണ് എവറസ്‌റ് കീഴടക്കാന്‍ പോകുന്നത് ? എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മാലറി യുടെ ഉത്തരമായിരുന്നു ഏറെ രസകരം .’ അത് അവിടെ ഉള്ളത് കൊണ്ട് ”

എവറസ്‌റ്റ് ഇപ്പോഴും അവിടെയുണ്ട് ”മാലറി മിസ്റ്റിറിക്” ഉത്തരം നല്കാന്‍ കെല്‍പ്പുള്ള ഒരു അമൂല്യ തെളിവും ഒളിപ്പിച്ചു കൊണ്ട് . ഇനിയും കണ്ടെത്താത്ത മാലറി യുടെ KODAK ക്യാമറ. മാലറി മല കയറിയിട്ട് 95 വര്‍ഷങ്ങള്‍ പിന്നിട്ടു .പക്ഷെ ഇപ്പോഴും ആ ക്യാമറ കണ്ടെത്തിയാല്‍ ഫിലിം ഡെവലപ്പ് ചെയ്യാമെന്ന് KODAK കമ്പനി ഉറപ്പു പറയുന്നു . 75 വർഷം മഞ്ഞില്‍ ഉറങ്ങി കിടന്ന മാലറിയെ പോലെ ആ ക്യാമറയും ഒരുനാള്‍ പുറത്തു വരുമായിരിക്കും . ഉറഞ്ഞു പോയ സത്യങ്ങള്‍ ഉറക്കെ പറയാന്‍ .

Related post