• October 23, 2021

പായിപ്പാട് തെരുവുസമരം ആർക്കുവേണ്ടി?

 പായിപ്പാട് തെരുവുസമരം ആർക്കുവേണ്ടി?

കോട്ടയം ജില്ലയിലെ പായിപ്പാട് ഗ്രാമത്തിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ ഞായറാഴ്ച തെരുവിൽ ഒത്തുകൂടി പ്രതിഷേധിച്ചത് വാട്ട്സാപ്പിലൂടെയും മറ്റുമുള്ള പ്രചാരണങ്ങളെത്തുടർന്നെന്നു സൂചന. ഗൂഢാലോചനയെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിതരണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് . രാവിലെ ആറുമുതൽ നിയമം പ്രാബല്യത്തിൽ വന്നെന്നു കളക്ടർ സുധീർ ബാബു അറിയിച്ചു.
അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് അയക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ അറിയിച്ചു. ഇപ്പോൾ യാത്ര ചെയ്യുന്നതു കോവിഡ് പ്രതിരോധ നടപടികളെ അട്ടിമറിക്കും. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലാളികൾ പ്രതിഷേധിച്ചത് ആസൂത്രിതമെന്നു മന്ത്രി പി.തിലോത്തമന് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തൊഴിലാളികൾ വരെ പായിപ്പാട്ടെത്തി. പ്രതിഷേധം സംഘടിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന് പൊലീസിന് നിർദ്ദേശം നൽകി. തൊഴിലാളികളുടെ പ്രധാന ആവശ്യം നാട്ടിലേക്ക് തിരിച്ചു പോകാൻ സൗകര്യം വേണമെന്നതാണ്. അതിനു സാധിക്കില്ലെന്നു കളക്ടറും ജില്ലാ പൊലീസ് മേധാവിയും അവരെ അറിയിച്ചിട്ടുണ്ട്. ക്യാംപുകളിലേക്ക് ഉദ്യോഗസ്ഥരെ ഉടൻ അയക്കും. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഉദ്യോഗസ്ഥർ തിരിച്ചു വന്ന ശേഷം മാത്രമേ ചങ്ങനാശേരിയിൽ നിന്ന് മടങ്ങുകയുള്ളൂവെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികളെ കളത്തിലിറക്കി സർക്കാരിനെ വെട്ടിലാക്കാനുള്ള വിധ്വംസകശക്തികളുടെ ‘കലക്കവെള്ളത്തിൽ മീൻപിടിക്കൽ’ പദ്ധതിയാണിതെന്നു ഒരുവിഭാഗം വിശ്വസിക്കുന്നു.
എന്നാൽ സിഎഎ വിരുദ്ധപ്രഷോഭങ്ങൾ നിലച്ചഘട്ടത്തിൽ നടമാടിയ ഒരു ‘വിടവു നികത്തൽ’ ഇടപാടാണിത് എന്നു വായിക്കുന്നവരുമുണ്ട്.
കഴിഞ്ഞ നാല് ദിവസങ്ങളിൽ ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പാർട്ടിപ്രവർത്തകൻ എം ആർ ഫസൽ പറഞ്ഞു.
“ഇപ്പോൾ നടന്ന സംഭവത്തിന് പിന്നിൽ തീവ്രവാദി സംഘടനകളുണ്ട്. ഒരു ടിവി ചാനൽ ആസൂത്രിതമായി കലാപത്തിന് ശ്രമിച്ചു. രാവിലെ ക്യാമ്പുകളിൽ കയറിയിറങ്ങി ഇവർ തൊഴിലാളികളോട് നിങ്ങളെന്താ പ്രതികരിക്കാത്തത് എന്ന് ചോദിച്ച് വിളിച്ചിറക്കുകയായിരുന്നു. ഇവർക്കെതിരെ നടപടി എടുക്കണം,” ഫസൽ പറഞ്ഞു.

Related post