• October 23, 2021

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിള്‍ഡണ്‍ റദ്ദാക്കി

 രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി   വിംബിള്‍ഡണ്‍ റദ്ദാക്കി

വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് റദ്ദാക്കി. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്. ഗ്രാന്‍സ്ലാമിലെ ഏക പുല്‍കോര്‍ട്ട് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ജൂണ്‍ 29-നാണ് തുടങ്ങേണ്ടിയിരുന്നത്. അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെ 2021-ലെ ടൂര്‍ണമെന്റ് നടക്കുമെന്ന് വിംബിള്‍ഡണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിള്‍ഡണ്‍ റദ്ദാക്കിയിട്ടുള്ളത്. 1914-ലും 1947-ലുമായിരുന്നു ഇത്. വിംബിള്‍ഡണ്‍ റദ്ദാക്കിയതോടെ ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കൊറോണയെത്തുടര്‍ന്ന് നീട്ടിവെച്ചിരുന്നു. പുരുഷ സിംഗിള്‍സില്‍ നൊവാക് ദ്യോകോവിച്ചും വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ടൂര്‍ണമെന്റ് റദ്ദാക്കിയതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം അതു തന്നെയാണെന്നും സിമോണ ഹാലെപ് ട്വീറ്റ് ചെയ്തു. അടുത്ത വര്‍ഷം മികച്ച പോരാട്ടം കാഴ്ച്ചവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സിമോണ പറയുന്നു.

Related post