• October 23, 2021

പുത്രവാത്സല്യത്താൽ റസിയ സ്കൂട്ടറിൽ താണ്ടിയത് 1,400 കിലോമീറ്റർ

 പുത്രവാത്സല്യത്താൽ റസിയ സ്കൂട്ടറിൽ താണ്ടിയത് 1,400 കിലോമീറ്റർ

ലോക്ക്ഡൗൺ മൂലം ഒറ്റപ്പെട്ടുപോയ മകനെ അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവരാൻ തെലങ്കാനയിലെ ഒരു അമ്മ സ്കൂട്ടറിൽ മൂന്ന് ദിവസങ്ങളിലായി താണ്ടിയത് 1,400 കിലോമീറ്റർ.
റസിയ ബീഗം (48) തിങ്കളാഴ്ച രാവിലെയാണ് പോലീസിന്റെ അനുമതിയോടെ ഒറ്റയ്ക്ക് നെല്ലൂരിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഇളയ മകനൊപ്പം തിരികെ എത്തുകയും ചെയ്തു. റസിയ പ്രകടിപ്പിച്ച സഹനശക്തി പരിശീലനംസിദ്ധിച്ച മോട്ടോർ റാലിയിസ്റ്റുകളെപ്പോലും അമ്പരപ്പിക്കുന്നതാണ്.
“ഒരു സ്ത്രീക്ക് ഇത്തരമൊരു യാത്ര അതും ഒരു ചെറിയ ഇരുചക്രവാഹനത്തിൽ വളരെ പ്രയാസകരമായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരണമെന്നുള്ള ദൃഢനിശ്ചയം എല്ലാ ഭയങ്ങളെയും തരണം ചെയ്യാൻ എന്നെ സഹായിച്ചു. ഞാൻ റൊട്ടി കരുതിയിരുന്നു. അതാണ് ദീർഘയാത്രയിൽ തുണയായത്. വാഹനങ്ങൾ ഇല്ലാതിരുന്ന റോഡുകളും ആൾപെരുമാറ്റം ഇല്ലാത്ത തെരുവുകളും ഭയാനകങ്ങളായിരുന്നു,” റസിയ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നിസാമാബാദിലെ ഒരു സർക്കാർ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആണ് റസിയ. 15 വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട റസിയയ്ക്ക് രണ്ട് മക്കളുണ്ട്. ഒരാൾ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. 19 കാരനായ ഇളയമകൻ നിസ്സാമുദ്ദീന് ഡോക്ടറാകാനാണ് ആഗ്രഹം.
മാർച്ച് 12 ന് സുഹൃത്തിനെ നെല്ലൂരിലെ രഹമതാബാദിൽ കൊണ്ടാക്കാൻപോയ നിസ്സാമുദ്ദീന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മടങ്ങിവരാനായില്ല.
“നാട്ടിലേക്ക് മടങ്ങാൻ അവൻ അതിയായി കൊതിച്ചു. അവനെ കൊണ്ടുവരാൻ ഞാൻ തീരുമാനിച്ചു. നാടുകാണാനിറങ്ങിയവൻ എന്ന് പോലീസ് തെറ്റിദ്ധരിച്ചേക്കാമെന്നതിനാൽ മൂത്തമകനെ ഞാൻ ഈ ദൗത്യത്തിനയച്ചില്ല,” റസിയ പറഞ്ഞു.

Related post