• June 15, 2021

ലോക സൈക്കിള്‍ ദിനം

 ലോക സൈക്കിള്‍ ദിനം

ഇന്ന് ലോക സൈക്കിള്‍ ദിനം. ഗ്രാമവീഥികളിലും നഗരവീഥികളിലും മണിയടിച്ച് സൈക്കിളുകള്‍ മടങ്ങിവരുകയാണ്. കൈവിട്ടുപോയ ഒരു കാലത്തിന്റെ ഗൃഹാതുരസ്മരണ പകരുന്ന പ്രതീകമാണ് സൈക്കിള്‍. മലയാളികളില്‍ പലരും ആദ്യമായി സ്വന്തമാക്കിയ വാഹനം ഒരുപക്ഷേ, സൈക്കിള്‍ തന്നെയാവും.
ബുള്ളറ്റ് ട്രെയിനുകളുടെ കാലത്തും എല്ലാതരത്തിലും ആരോഗ്യസംരക്ഷണത്തിന് ഈ ഇരുചക്രശകടംതന്നെയാണ് നല്ലതെന്ന് കാലം തിരിച്ചറിയുന്നു.

കണ്ടും കേട്ടും പരിചയമില്ലാത്ത മാരകരോഗങ്ങള്‍ നമുക്കിടയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ്. നോവല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍ ലോകം ഒന്നടങ്കം നിശബ്ധമായി. ഗതാഗത സംവിധാനങ്ങളടക്കം താറുമാറായി. ലോക്കഡൗണില്‍ ഈ കോവിഡ് കാലത്തെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാവിഷയം പൊതുഗതാഗതത്തെ സംബന്ധിച്ചാണ്. കോവിഡ് വ്യാപനം ശക്തമാകുന്ന ഈ ദിവസങ്ങളില്‍ സാമ്പത്തിക സ്ഥിതി വളരെ അരക്ഷിതമാകുന്ന കാഴ്ചയാണ് ലോകമെമ്പാടും കാണുന്നത്. അതുകൊണ്ടാണ് കഴിയുന്നത്ര രീതിയില്‍ വ്യാവസായിക, വാണിജ്യ സമുച്ചയങ്ങള്‍ തുറക്കുന്നതിനും അവിടങ്ങളിലേക്ക് ജോലിക്കാരെ എത്തിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി ചര്‍ച്ചകള്‍ സജീവമാകുന്നതും. എന്നാല്‍, വൈറസിന്റെ സ്വഭാവരീതികളനുസരിച്ച് ആളുകള്‍ കൂട്ടം കൂടുന്നതും തിങ്ങിനിറഞ്ഞു യാത്രചെയ്യുന്നതുമെല്ലാം സമ്പര്‍ക്കം വഴി രോഗം പകരുന്നതിന് കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സവിശേഷ സാഹചര്യം തന്നെയാണ് നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങള്‍ നിറയുന്നതിന് കാരണമായിത്തീരുന്നതും.

പ്രതിസന്ധിഘട്ടങ്ങളിലാണ് കണ്ടുപിടുത്തങ്ങള്‍ക്ക് വഴിവെക്കുക, ഈ സാഹചര്യങ്ങള്‍ ഒരു പുതിയഗതാതഗ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കോവിഡിന് മുന്‍പുതന്നെ സൈക്കിള്‍ പോലുള്ള വാഹനങ്ങള്‍ പല പരിഷ്‌കൃത സമൂഹങ്ങളിലും ഒരു തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇതിനു കാരണമായത് നഗരവത്കരണത്തിനുമേല്‍ ഉണ്ടായിട്ടുള്ള ചര്‍ച്ചകളാണ്. കാലാവസ്ഥാ വ്യതിയാനവും, സുസ്ഥിരവികസനത്തെപ്പറ്റിയുള്ള ആശങ്കകളുമാണ് കാല്‍നടയാത്രയുടെ ആവശ്യകതയെപ്പറ്റിയും സൈക്കിള്‍ പോലുള്ള മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത ഗതാഗതസജ്ജമായ മറ്റു വാഹനങ്ങളെപ്പറ്റിയും വികസിത രാഷ്ട്രങ്ങളില്‍ പോലും പുതിയൊരു മനോഭാവം ഉരുത്തിരിഞ്ഞു വരാന്‍ കാരണമായത്. സൈക്കിള്‍ ഏറ്റവും ചിലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുകൂലമായതും സുസ്ഥിരഗതാഗത സംവിധാനങ്ങളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നതുമാണ്.

പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരുപോലെ സ്വന്തമാക്കാനാവുന്ന ഒരു വാഹനവുമാണ് സൈക്കിള്‍. സൈക്കിളുകള്‍ ഒരിക്കലും ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ല. അതുമാത്രമല്ല, സൈക്കിള്‍ സവാരികള്‍ മികച്ചൊരു ആരോഗ്യശീലം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും നമ്മുടെ രാജ്യത്ത് സൈക്കിള്‍ പോലുള്ള ഒരു വാഹനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിട്ടേയുള്ളൂ. സൈക്കിളുകള്‍ക്കും അതുപയോഗിക്കുന്ന സവാരിക്കാര്‍ക്കും ഉപയോഗപ്രദമാവേണ്ട ബൈസിക്കിള്‍ പാതകളും പാര്‍ക്കിംഗ് സംവിധാനങ്ങളും എല്ലാം നമുക്കിപ്പോഴും അന്യം തന്നെയാണ്.

മറ്റുരാജ്യങ്ങളില്‍ സൈക്കിളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പുരോഗമനപരമായ അടിസ്ഥാന വികസന കാഴ്ചപ്പാടുകള്‍ നമ്മളെയും മാറ്റി ചിന്തിപ്പിക്കേണ്ട സമയമാണിത്.ലോകത്തെ 20 മുന്‍നിര സൈക്കിള്‍ സൗഹൃദനഗരങ്ങളില്‍ ഏറെക്കുറെയും യൂറോപ്പില്‍ നിന്നുമാണ്. കോപ്പന്‍ഹേഗനും, ആംസ്റ്റര്‍ഡാമും, യുട്രെറ്റും അവയില്‍ ഏറ്റവും മുന്‍പന്തിയിലാണുതാനും.

ചൈനയുടെ തലസ്ഥാനമായ ബീജിംഗ് ഇത്തരത്തിലുള്ള സൈക്കിള്‍ ഹൈവേകള്‍ക്ക് പ്രശസ്തമാണ്. ചില ചൈന നഗരങ്ങളില്‍ 60% പേര്‍ സൈക്കിളുകളില്‍ യാത്രചെയ്യുന്നു എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഹോങ്ഷൂ, ഷാങ്ങ്ഹായ് നഗരങ്ങളെല്ലാം മികച്ച ഉദാഹരണങ്ങളാണ്.

മറ്റുഭൂഖണ്ഡങ്ങളില്‍ ബോറോട്ട, ടോക്കിയോ, തായ്പേ, മോണ്‍ട്രിയല്‍, വാന്‍കൂവര്‍ തുടങ്ങിയവയും സൈക്കിള്‍ സൗഹൃദനഗരങ്ങള്‍ തന്നെയാണ്. ഈ നഗരങ്ങളില്‍ സൈക്കിള്‍ ഹൈവേ നിര്‍മിക്കുകയും മറ്റു മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 600 ല്‍ അധികം നഗരങ്ങളില്‍ സൈക്കിള്‍ ഷെയറിങ് സംവിധാനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ 44.8% കുടുംബങ്ങള്‍ സൈക്കിള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഉത്തര്‍ പ്രാദേശിലാവട്ടെ 67.8% മാണ് സൈക്കിള്‍ ഉടമസ്ഥാവകാശം. എന്നാലും, നമ്മുടെ നഗരങ്ങളിലൊന്നില്‍പ്പോലും സൈക്കിളുകള്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളില്ല.

കോവിഡ് കാലത്തെ പൊതുഗതാഗത ചര്‍ച്ചകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന പ്രായോഗിക ഗതാഗത സംവിധാനമാണ് സൈക്കിളുകള്‍. പൊതുകാഴ്ചപ്പാടിനെ ഗവേഷണം കൊണ്ടും അനുഭവപരിജ്ഞാനംകൊണ്ടും മാറ്റിയെടുക്കുന്നതിലാണ് സൈക്കിളുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലെ ആദ്യ കടമ്പ. കൂടാതെ, ഭരണകര്‍ത്താക്കളെയും പൊതുഗതാഗത സംവിധാനങ്ങളെയും ഇതിനു വേണ്ടി സജ്ജരാക്കുന്നതും ഈ കോവിഡ് കാലത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു അജണ്ടയാണ്. അതുതന്നെയാവട്ടെ, ലോക സൈക്കിള്‍ ദിന സന്ദേശവും.

Related post