• June 23, 2021

‘പ്രകൃതിയ്ക്കായി ഈ സമയം’; വീണ്ടുമൊരു പരിസ്ഥിതി ദിനം

 ‘പ്രകൃതിയ്ക്കായി ഈ സമയം’; വീണ്ടുമൊരു പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം. ‘പ്രകൃതിയ്ക്കായി ഈ സമയം’ (Time for Nature,) എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം.

ഒരു മരത്തൈ നടുന്നതിലൂടെ മാത്രം തീരുന്നതല്ല പ്രകൃതിയോടുള്ള മനുഷ്യന്‌റെ കടമയും ഉത്തരവാദിത്തവും. ലോകം മൊത്തം ഒരു മഹാമാരിയെ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം കടന്നുപോകുന്നത്. ലോക്ഡൗണ്‍ കാലത്ത് മനുഷ്യന്‍ വീട്ടകങ്ങളിലേക്ക് മടങ്ങിയപ്പോള്‍ പ്രകൃതി അതിന്റെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ചകള്‍ നമ്മളെല്ലാം കണ്ടതാണ്. പ്രകൃതിയും ആകാശവും തെളിഞ്ഞു, പൂക്കള്‍ പുഞ്ചിരിച്ചു. ഇതില്‍ നിന്നുതന്നെ പ്രകൃതിയോടുള്ള മനുഷ്യന്റെ അലസ മനോഭാവം വ്യക്തമാണ്.

മനുഷ്യന്റെ ഇടപെടല്‍ കുറയുംതോറും സ്വച്ഛമാകുന്ന പ്രകൃതി നല്ല സൂചനയല്ല. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞ, കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധിയില്ലാത്ത, മാലിന്യമൊഴിഞ്ഞ, സുസ്ഥിരമായ കാലാവസ്ഥയുള്ള, വിസ്തൃതവനങ്ങളും പച്ചപ്പും പ്രകൃതിസൗഹൃദ ബോധമുള്ള മനുഷ്യരും നിറഞ്ഞ നല്ല ഭൂമി അടുത്ത തലമുറയ്ക്ക് കൈമാറാന്‍ നമുക്ക് ബാക്കിവേണം. നമ്മള്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മളെ പൊതിയുന്ന വെളിച്ചം, നമ്മള്‍ കഴിക്കുന്ന ഭക്ഷണം. മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാല്‍ അത്യാര്‍ത്തിക്കുള്ളതില്ല എന്ന ഗാന്ധിവചനം എന്നത്തേക്കാളും പ്രസക്തമാകുന്നു.

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിലൂടെ ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

Related post