• June 19, 2021

ലോക ക്ഷീരദിനം ; നന്മയുള്ള നാളേക്കായി ഇന്നേ കൈകോര്‍ക്കാം

 ലോക ക്ഷീരദിനം ; നന്മയുള്ള നാളേക്കായി ഇന്നേ കൈകോര്‍ക്കാം

ഇന്ന് ലോക ക്ഷീരദിനം. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 ജൂണ്‍ 1 ാം തീയതി മുതല്‍ ലോക ക്ഷീരദിനമായി കൊണ്ടാടുന്നു. പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ക്ഷീരോല്‍പ്പാദന മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗിക്കുന്നു.

ഈ സവിശേഷദിനത്തില്‍ ഓര്‍മ്മയില്‍ വരുന്നത് നാട്ടിന്‍ പുറത്തെ ചെറിയ ചായക്കടയിലെ ആവി പറക്കുന്ന നല്ല കുറുകുറാന്നുള്ള ചായയാണ്. ശുദ്ധമായ പാലും പാല്‍ ഉല്‍പ്പന്നങ്ങളും നാട്ടിന്‍പ്പുറത്താല്ലാതെ മറ്റെവിടെയാണ് കിട്ടുക. വഴിയോരത്തെ ഏത് അടുക്കളയായാലും ശരി ഈ ശുദ്ധി രുചിച്ചറിയാന്‍ സാധിക്കും. കേരളത്തിലെ ഹൈറേഞ്ച് മേഖലകളില്‍ ഈ കാഴ്ച പതിവുള്ളതാണ്. തണുത്ത വെളുപ്പാന്‍ കാലത്ത് ചൂട് പാറുന്ന ചായ ഊറ്റിക്കുടിക്കുന്ന കുറെ മനുഷ്യര്‍. ഇത്തരക്കാര്‍ക്ക് അവരുടെ തൊഴില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഈ ദിനം എന്നും ഒരു പ്രോത്സാഹനമാണ്. തിരക്കിട്ട ജീവിതത്തില്‍ ഇത്തരം ശുദ്ധമായ ജീവിതത്തെക്കുറിച്ച് ഓര്‍ക്കാനും ഈ ദിനം ഉപകരിക്കും.

പാലുല്‍പാദനം സംസ്ഥാനത്തിനകത്തും പുറത്തും വര്‍ധിക്കുന്നുണ്ടെങ്കിലും, ഉല്‍പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ മറ്റ് വികസിത രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം പിറകിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യതയാര്‍ന്ന ഇടപെടലും സഹകരണ മേഖലയുമായി കൈകോര്‍ത്തുളള പ്രവര്‍ത്തനങ്ങളും കൊണ്ട് ഇന്ന് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ എവിടെയും ലഭിക്കാത്ത ഏറ്റവും ഉയര്‍ന്ന പാല്‍വിലയാണ് ലഭിച്ചു വരുന്നത്.

എന്നാല്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ പ്രത്യേകിച്ച് തമിഴ്നാട്ടിലും കര്‍ണാടകയിലും പാലിന്റെ സംഭരണവില നമ്മുടെ പാല്‍ വിലയേക്കാള്‍ വളരെ താഴെയാണ്. ഇതൊക്കെയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുളള പാലിന്റെ വരവ് വര്‍ധിക്കാന്‍ കാരണം. പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടാണെങ്കില്‍ കൂടിയും, ക്ഷീര വികസന വകുപ്പിന് കീഴിലുളള രണ്ട് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കൃത്യമായ ഗുണനിലവാര പരിശോധനാ രീതികള്‍ ഇന്ന് നിലവിലുണ്ട്.

ഇന്ത്യയില്‍, മികച്ച പാല്‍ വില കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഒരു സംസ്ഥാനമെന്നിരിക്കെ ഇതിനകം തന്നെ പാലിന്റെ കാര്യത്തില്‍ ഏകദേശം സ്വയം പര്യാപ്തത കൈവരിക്കുന്ന രീതിയിലുള്ള ഉല്‍പാദന വര്‍ധനവ്, കണക്കുകളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഉല്‍പ്പാദന മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതില്‍ കേരളത്തിന് തടസ്സമായി നിന്നത് മഹാപ്രളയങ്ങളാണ്. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവില്‍ ഇപ്പോള്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതിനെ ഫലപ്രധമായി എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇടതുസര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി സഹകരണ മേഖലയില്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന യു-എച്ച്ടി പാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ ഇറക്കിയത്. ഇത് കൂടാതെ ജനങ്ങളുടെ പോഷകാംശക്കുറവ് പരിഹരിക്കുന്നതിനായി വൈറ്റമിന്‍ എ, ഡി എന്നിവ ചേര്‍ന്ന പാല്‍ സഹകരണ മേഖല വഴി വിപണിയില്‍ എത്തിക്കാനും കഴിഞ്ഞു.

ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ഗുണ നിലവാരമുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമേ, കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന രീതിയിലുള്ള മികച്ച പാല്‍വില എക്കാലവും ഉറപ്പ് വരുത്താന്‍ കഴിയുകയുള്ളൂ.

‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ
കൊതുകിന്നു കൗതുകം……’

ഈ വരികള്‍ക്ക് ഇന്നത്തെ ദിവസത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ലോകം മുഴുവന്‍ ഒരു മഹാമാരിയെ നേരിടാനുള്ള പോരാട്ടത്തിലാണ്. പക്ഷെ, രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി പരസ്പരം മത്സരിച്ചും, ചെളി വാരിത്തേച്ചും നാട്ടിന്‍പുറങ്ങളിലെ നന്മകള്‍ പോലും ഇല്ലാതായിരിക്കുന്നു. ശുദ്ധിയുള്ളൊരു ജീവിതത്തിനായി പരസ്പരം കൈകോര്‍ത്ത് ചൂട് ചായ ഊറ്റിക്കുടിച്ച് ചൂടന്‍ വര്‍ത്തമാനങ്ങളില്‍ സ്‌നേഹം നിറച്ച് ആ നന്മയിലേക്ക് നമ്മുക്കൊന്നു തിരിച്ച് നടക്കാം. അതിനുള്ളൊരു ഓര്‍മ്മപ്പെടുത്തല്‍ക്കൂടി ആവട്ടെ ഈ ദിനം.

Related post