• November 27, 2021

ആരാധനാലയങ്ങള്‍ തുറക്കാം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

 ആരാധനാലയങ്ങള്‍ തുറക്കാം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

രാജ്യത്ത് കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ കേന്ദ്രം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത് എന്നാണ് നിര്‍ദ്ദേശം. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോഴും മുഖാവരണം നിര്‍ബന്ധമാണ്. പ്രസാദമോ തീര്‍ത്ഥമോ നല്കരുത്. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുത്. പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂര്‍ത്തികളിലും തൊടാന്‍ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനായി പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറിക്കിയിരുന്നില്ല. ഇതോടൊപ്പം ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി.

റെസ്റ്റോറന്റുകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഷോപ്പിംഗ് മാളുകളില്‍ കയറാനും ഇറങ്ങാനും പ്രത്യേകം വാതില്‍ വേണം. ഫുഡ് കോര്‍ട്ടില്‍ പകുതി സീറ്റുകളിലേ ആള്‍ക്കാരെ ഇരുത്താനാവൂ. മാളിലെ കുട്ടികള്‍ക്കുള്ള കളിസ്ഥലം അടച്ചിടണം. മാളുകളിലെ സിനിമാ ഹാളുകള്‍ അടഞ്ഞു തന്നെ കിടക്കണം. ഓഫീസുകളില്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം. ഓഫീസുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പൂര്‍ണ്ണമായും അടക്കേണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

Related post