• May 13, 2021

ആന്ധ്ര തലസ്ഥാന നിർണയം , ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാൻ തീരുമാനം

 ആന്ധ്ര തലസ്ഥാന നിർണയം ,    ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാൻ തീരുമാനം

ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്ന ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് നിയമനിര്‍മ്മാണസഭയില്‍ തീരുമാനമായി. തെലുങ്ക് ദേശം പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

അഞ്ച് മണിക്കൂര്‍ നീണ്ട സംവാദങ്ങള്‍ക്കൊടുവിലാണ് തീരുമാനം . ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതോടെ തലസ്ഥാനം നിർണയത്തിന് സമയമെടുക്കേണ്ടി വന്നേക്കും.വിശാഖപട്ടണം ഭരണനിര്‍വ്വഹണ തലസ്ഥാനമായും അമരാവതി നിയമനിര്‍മ്മാണ തലസ്ഥാനമായും, കൂര്‍ണൂല്‍ ജൂഡീഷ്യറി എന്നിങ്ങനെ മൂന്ന് തലസ്ഥാനമുണ്ടാക്കാനാണ് പദ്ധതിയിട്ടിരുന്നത് . സെക്രട്ടറിയേറ്റും മറ്റ് ഭരണ സംവിധാനങ്ങളുടേയും കേന്ദ്രം വിശാഖപട്ടണവും ഹൈക്കോടതി കുര്‍ണൂലിലും നിയമസഭയുടെ കേന്ദ്രം അമരാവതിയുമായിരിക്കും.

ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിച്ച 2014-ലെ ചട്ടം റദ്ദാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

1953 ഒക്ടോബര്‍ 1 മുതൽ 1956 ഒക്ടോബര്‍ 31 വരെ ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം കുര്‍ണൂലായിരുന്നു. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആന്ധ്രയുടെ തലസ്ഥാനം അമരാവതിയായി പ്രഖ്യാപിച്ചത്. മെയ് 30ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജഗന്‍ അമരാവതി നഗരത്തിന്‍റെ നിർമാണം നിർത്തിവച്ചിരുന്നു.

Related post