• May 15, 2021

സീബ്ര കറുപ്പില്‍ വെളുപ്പാണോ? വെളുപ്പില്‍ കറുപ്പാണോ?

 സീബ്ര കറുപ്പില്‍ വെളുപ്പാണോ? വെളുപ്പില്‍ കറുപ്പാണോ?

മനുഷ്യന്‍ സീബ്രയെ അതായത് വരയന്‍ കുതിരയെ ആദ്യമായി കണ്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ ചോദിച്ച ചോദ്യമാണിത്. എന്താണ് ഈ മൃഗത്തിന്‌റെ യഥാര്‍ഥ നിറം! കറുപ്പില്‍ വെളുപ്പോ? അതോ വെളുപ്പില്‍ കറുപ്പോ?


ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന കുതിരയുടെ കുടുംബക്കാരനായ സുന്ദരന്‍ മൃഗമാണ് സീബ്ര. ഇവരുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളായ കുതിരയെ പോലെയോ കഴുതയെ പോലെയോ ഒരിക്കലും മനുഷ്യന്‍ ഇണക്കി വളര്‍ത്തിയിട്ടില്ലാത്ത ജീവിയാണ് സീബ്ര. പൊതുവെ ശാന്തനും സുന്ദരനും ഒക്കെയാണെങ്കിലും ശരീരത്തിലെ തലങ്ങും വിലങ്ങുമുള്ള വരകളാണ് സീബ്രയെ കാട്ടിലും നാട്ടിലും നോട്ടപ്പുള്ളിയാക്കുന്നത്. നമ്മുടെ കൈരേഖ പോലെ സീബ്രയുടെ വരകളും ഒന്നിനൊന്ന് വിത്യസ്തമായിരിക്കും. ഒരിക്കലും രണ്ട് സീബ്രയ്ക്ക് ഒരേ ബോഡി ഗ്രാഫിക്‌സ് ഉണ്ടാവില്ല എന്നര്‍ത്ഥം.

ഈ വരകള്‍ തന്നെയാണ് പക്ഷെ യഥാര്‍ഥത്തില്‍ സീബ്രയുടെ ശത്രുക്കളും. കാട്ടിലെ ഏത് പൊന്തക്കാട്ടില്‍ നിന്നും നിഷ്പ്രയാസം ശത്രുക്കള്‍ക്ക് സീബ്രയെ കണ്ടെത്താം. കളര്‍ഫുള്‍ കാട്ടില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജീവിയാണല്ലോ ഈ പാവം. ഇതേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉടുപ്പിന് വേണ്ടി തന്നെയാണ് മനുഷ്യര്‍ സീബ്രകളെ (ഒളിച്ചും പാത്തും) വേട്ടയാടുന്നതും.


ഈ സുന്ദരന്‍ മൃഗത്തെ മനുഷ്യര്‍ ഇണക്കി വളര്‍ത്താന്‍ പലതവണ ശ്രമിച്ചതായി ചരിത്രം പറയുന്നു. പക്ഷെ ആ ശ്രമങ്ങളൊക്കെ സുന്ദരമായിതന്നെ പാളിപോയതുകൊണ്ട് സീബ്ര ഇന്നും സ്വതന്ത്രനാണ്.

ചോദ്യം സീബ്രയുടെ ചരിത്രത്തെക്കുറിച്ചായിരുന്നില്ലല്ലോ ഭൂമിശാസ്തത്തെക്കുറിച്ചല്ലേ.. പക്ഷെ ചരിത്രം പറയാതെ വയ്യ. വെള്ളക്കാര്‍ ആഫ്രിക്ക അടക്കിഭരിച്ചിരുന്ന കൊളോണിയല്‍ കാലഘട്ടം വരെ സീബ്ര വെളുത്തവനായിരുന്നത്രെ. കറുത്തതിനെ ഒന്നിനെയും അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന സായിപ്പിന്‌റെ മനസ് സീബ്രയും വെളുത്തവനാണെന്ന് വിശ്വസിച്ചു.

വെളുത്ത ശരീരത്തില്‍ കറുത്ത വരകളുള്ള ജീവിയാണ് സീബ്ര എന്നായിരുന്നു അടുത്തകാലം വരെ വിശ്വസിക്കപ്പെട്ടിരുന്നത്. പക്ഷെ പുതിയ ഗവേഷണ ഫലങ്ങള്‍ പറയുന്നത് സീബ്ര ശരിക്കും കറുമ്പനാണെന്നാണ്. രോമത്തില്‍ മാത്രമല്ല തൊലിയിലും തനി കാക്ക കറുമ്പന്‍.

അതെ സീബ്ര ശരിക്കും ആഫ്രിക്കനാണ്. ആഫ്രിക്കന്‍. കറുത്ത ചര്‍മ്മത്തില്‍ കറുത്ത രോമങ്ങളില്‍ വെളുത്ത വരകളുള്ള ജീവിയാണത്രെ സീബ്ര. ആഫ്രിക്കന്‍ ഗോത്രങ്ങള്‍ക്കിടയില്‍ സീബ്രകളുടെ വരകളെക്കുറിച്ച് പല നാടോടി കഥകളും പ്രചാരത്തിലുണ്ട്. സീബ്ര കറുത്തവനോ വെളുത്തവനോ എന്നു തന്നെ കഥയുടെ ത്രെഡ്. നമീബിയയിലെ ആദിവാസികള്‍ക്കിടയിലെ ഒരു സീബ്ര കഥ ഇങ്ങനെ. സീബ്ര ശരിക്കും ഒരു വെളുത്ത സുന്ദരക്കുട്ടപ്പനായിരുന്നു. ഒരിക്കല്‍ ബബൂണുമായി (ആഫ്രിക്കയിലെ ഒരിനം കുരങ്ങന്‍) ഉണ്ടായ കശപിശക്കിടയില്‍ പാവം സീബ്ര ഒരു തീകുണ്ഡത്തിലേക്ക് വീണുപോയി. തീയിലെ വിറകുകൊള്ളികള്‍ സീബ്രയുടെ ശരീരത്തില്‍ കറുത്ത വരകളുണ്ടാക്കി. അങ്ങനെ വൈറ്റ് സീബ്ര ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി.


ആഫ്രിക്കയിലെ പാണന്മാര്‍ പാടി നടന്നിരുന്ന ആ കഥയും തിരുത്തേണ്ട കാലമായിരിക്കുന്നു. കാരണം സീബ്ര ശരിക്കും കറുത്തവനാണെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. സീബ്ര കറുത്തവനാണെന്ന് പറയുന്ന നാടോടി കഥകള്‍ക്ക് ഇനി ശാസ്ത്രത്തിന്‌റെ പിന്‍ബലം കൂടി അവകാശപ്പെടാം. കറുപ്പില്‍ വെളുപ്പാണെങ്കിലും വെളുപ്പില്‍ കറുപ്പാണെങ്കിലും മനുഷ്യന്‌റെ അനധികൃത വേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ നിറത്തില്‍ മാത്രമല്ല ഓര്‍മ്മയില്‍പോലും സീബ്ര ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി മാറാനുള്ള സാധ്യത കൂടി ശാസ്ത്രം പറഞ്ഞുവെക്കുന്നു.

Related post